കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (19 ഒക്റ്റോബർ 2020) 5022 പേര്‍ക്ക് കൊവിഡ്; 7469 രോഗമുക്തര്‍; സമ്പര്‍ക്കത്തിലൂടെ 4257 പേര്‍ക്ക് രോഗം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 59 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗബാധിതരായി മരിച്ചത് 21 പേര്‍. 7469 പേരാണ് രോഗമുക്തി നേടിയത്. 92,731 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. രോഗവ്യാപനം ഉച്ഛാസ്ഥായിലെത്തുന്നത് തടയാനാണ് ഇതുവരെ ശ്രമിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും സാധിച്ചു. ഇതുവഴി രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ജീവന്‍ രക്ഷിക്കാനുള്ള ഉപായങ്ങളും പഠിച്ചു. ഇതെല്ലാം വഴി കൊവിഡ് മരണങ്ങള്‍ തടയാന്‍ നമുക്കായി. ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു.

സംഭവിച്ച ദുരന്തത്തിന്റെ ആഘാതം ആ ഘട്ടത്തില്‍ എത്രത്തോളമായിരുന്നുവെന്ന് നാം അറിഞ്ഞതാണ്. രോഗാബാധിതരില്‍ നൂറില്‍ 16 പേര്‍ വരെ മരിക്കുന്ന അവസ്ഥ ഇറ്റലിയിലുണ്ടായി. നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിളെ മരണനിരക്കും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ തുടക്കം മുതല്‍ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരി ലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം.

ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് മെച്ചപ്പെട്ട രീതിയിലുള്ള കുറഞ്ഞ മരണനിരക്ക്. മെയ് മാസത്തില്‍ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണില്‍ 0.45 ആയി കുറഞ്ഞു. ആഗസ്റ്റില്‍ അത് 0.4 ആയി. സെപ്തംബറില്‍ 0.38 ആയി. ഒക്ടോബറില്‍ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാന്‍ സാധിക്കുന്നത് അഭിമാനര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തര്‍ദേശീയതലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. എവിടെയും പുരസ്‌കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് നമ്മുക്ക് കിട്ടിയ അംഗീകാരം. എന്നാല്‍ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകള്‍ മനസിലാക്കാതെയും ചിലപ്പോള്‍ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.