കോവിഡ് - 19 ശക്തമാകുന്നു. തളിപ്പറമ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ആര്‍ഡിഒ എസ്.ഇലാക്യ, ജയിംസ് മാത്യു എംഎല്‍എ, നഗരസഭ അധ്യക്ഷന്‍ മഹമൂദ് അള്ളാംകുളം എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, തട്ട് കടകള്‍ എന്നിവ രാത്രി 8 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

കൊവിഡ് ബാധിതര്‍ വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരീക്ഷണവും ശക്തമാക്കും. ഇതിനായി 2 അധ്യാപകര്‍ക്ക് വീതം ഓരോ വാര്‍ഡിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. കൂടാതെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊലീസ് എന്നിവര്‍ വീടുകളില്‍ നിരീക്ഷണം നടത്തും. കടകളില്‍ എത്തുന്നവര്‍ക്കും കടകളില്‍ ഉള്ളവര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ പരിശോധനയും നടത്തും.

വലിയ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് ശരീരത്തിന്റെ ഊഷ്മാവ് പരിശോധിക്കുന്ന സംവിധാനവും നിര്‍ബന്ധമാണ്. ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നഗരസഭ, തഹസില്‍ദാര്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു.

ഏതെങ്കിലും കടകളില്‍ ഇവ ലംഘിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ അവ ആദ്യ ഘട്ടത്തില്‍ 3 ദിവസത്തേക്ക് അടക്കാന്‍ നിര്‍ദേശിക്കും. വീണ്ടും ലംഘിച്ചാല്‍ 7 ദിവസത്തേക്ക് ഇത്തരം കടകളില്‍ അടപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.