ന്യൂഡല്‍ഹി : മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഇളവ് അനുവദിക്കുക.
നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഭവനവായ്പകള്‍, വാഹന വായ്പ, പ്രൊഫഷണലുകള്‍ക്കുള്ള വായ്പ എന്നിവക്കെല്ലാം ഇളവ് ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇളവ് അനുവദിക്കുന്നതു കാരണം ബാങ്കുകള്‍ക്ക് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.