കൃഷിയിലും സ്മാർട്ട് ആയി കണ്ണൂർ, സർക്കാരും കർഷകരും കൈകോർത്തപ്പോൾ നാട് നേടിയത് ഇതുവരെ കാണാത്ത വളർച്ച...

കണ്ണൂർ : കാർഷിക മേഖലയിൽ വലിയ കുതിപ്പാണ്‌ ജില്ലയിൽ ദൃശ്യമായത്‌. ഉൽപന്നങ്ങൾക്ക്‌ മികച്ച വിപണി ഒരുക്കാനും കർഷകർക്ക്‌ ന്യായമായ വില ലഭ്യമാക്കാനും സാധിച്ചു. പ്രളയത്തിൽ തകർന്ന കർഷകരെ  കരകയറ്റാൻ സർക്കാർ നടപ്പാക്കിയ റീബിൽഡ് കേരളയുടെ  ഭാഗമായി 2.85 കോടി രൂപയാണ് ജില്ലയിൽ നൽകിയത്‌. കൃഷി പുനരുജ്ജീവിപ്പിക്കാൻ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ‌ വിപുലമായ  സംവിധാനം ഒരുക്കി.  ഉൽപന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതി വലിയൊരളവോളം പരിഹരിക്കാൻ  സാധിച്ചു. നാല് അർബൻ സ്ട്രീറ്റ് മാർക്കറ്റുകളിലൂടെ  ഇടനിലക്കാരില്ലാതെ ഉൽപന്നം നേരിട്ട് നഗരങ്ങളിൽ വിപണനം നടത്താൻ കഴിഞ്ഞു. കണ്ണൂർ സിവിൽ സ്റ്റേഷൻ, പള്ളിക്കുന്ന് അംബിക റോഡ്, പൊടിക്കുണ്ട് രാജേന്ദ്രപ്രസാദ് റോഡ്, ആന്തൂർ നഗരസഭ  റോഡ് എന്നിവിടങ്ങളിലെ സ്ട്രീറ്റ് മാർക്കറ്റുകൾ മികച്ച നിലയിലാണ്‌. കാർഷിക ഉൽപന്നം വിറ്റഴിക്കുന്നതിനുള്ള 39 ഇക്കോഷോപ്പുകളും 32 ആഴ്ച ചന്തകളും 17 എ ഗ്രേഡ് ക്ലസ്റ്റർ മാർക്കറ്റുകളും അഞ്ച്‌  ബിഎൽഎഫ്ഒ മാർക്കറ്റും ജില്ലയിലുണ്ട്. ഈ വർഷം പുതുതായി 40 ആഴ്ച ചന്തകൂടി തുടങ്ങും.
വിപണി കണ്ടെത്താൻ 
മാർക്കറ്റിങ് സെൽ
കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ ഗ്രാമ, ബ്ലോക്ക്,  ജില്ലാതലങ്ങളിൽ  മാർക്കറ്റിങ്‌ സെല്ലുകൾ രൂപീകരിച്ചു. 16  ഇനങ്ങൾക്ക് തറവില നിശ്ചയിക്കുന്ന രീതി  നിലവിൽ വന്നു.  പ്രതിദിന വില നിലവാരം മനസ്സിലാക്കാൻ മൂന്നു നോഡൽ റഫറൻസ്‌  മാർക്കറ്റുകളിൽനിന്ന്‌ ദിവസ വില ശേഖരിച്ച്‌ അപഗ്രഥിക്കും. ഇതുപ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലൂടെ കാർഷിക ഉൽപന്നങ്ങൾ ശേഖരിക്കും. വിപണി വില തറ വിലയേക്കാൾ കുറയുന്ന ദിവസങ്ങളിൽ തറവില നിലവിൽ വന്നതായി പ്രഖ്യാപിച്ച് വിലവ്യത്യാസം കർഷകർക്ക് നൽകും.
നെൽകൃഷിയിലെ 
മയ്യിൽ മാതൃക
ഉത്തമ മാതൃകയിലൂടെ  കണ്ണൂരിന്റെ നെല്ലറയായി മാറിയിരിക്കുകയാണ് മയ്യിൽ പഞ്ചായത്ത്. ഇവിടെ 25 പാടശേഖരങ്ങളിലായി 38 വർഷംവരെ തരിശുകിടന്നിരുന്ന 750 ഏക്കർ വയലാണ് ഒറ്റവർഷംകൊണ്ട് പൂർണമായും  കൃഷിക്ക്‌ ഉപയുക്തമാക്കിയത്‌.  2000ത്തിലധികം കർഷകരെ പങ്കാളികളാക്കി പഞ്ചായത്ത് ആവിഷ്കരിച്ച സമ്പൂർണ നെൽകൃഷി പദ്ധതി വൻ വിജയമായി.  യന്ത്രവൽകരണം നടപ്പാക്കിയതിലൂടെ കൃഷി ചെലവ് കുറയ്‌ക്കുകയും തൊഴിലാളി ക്ഷാമം പരിഹരിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് പഞ്ചായത്തുതലത്തിൽ  ഹെക്ടറിന്‌ 2150 കി.ഗ്രാം ആയിരുന്നു ഉൽപാദന ക്ഷമത. ഇപ്പോൾ നെല്ല്‌ ഉൽപാദനം  6346 കി.ഗ്രാം വരെ ഉയർന്നു.  15000 രൂപ മുതൽ 25000 രൂപവരെ നഷ്‌ടമുണ്ടായിരുന്ന  സ്ഥാനത്ത് നെൽകൃഷി ഹെക്ടറിൽ ഒരുലക്ഷം രൂപയിലധികം ലാഭമുണ്ടാകുന്ന കൃഷി സംരംഭമായി മാറി.
ചെറുകിട നാമമാത്ര കർഷകരുടെ വീടുകളിൽ സിങ്കിൾ ഫെയ്‌സ്‌  വൈദ്യുത കണക്‌ഷനിൽ പ്രവർത്തിക്കുന്ന മിനി നെല്ല്‌ കുത്ത് യന്ത്രം വിതരണം ചെയ്യാനായത് വലിയ മാറ്റത്തിന്‌ കാരണമായി.  കൃഷി വകുപ്പ് നേരിട്ട്‌ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ  നെല്ലുൽപാദക  കമ്പനി ഇവിടെയുണ്ട്‌.
കരനെൽ കൃഷിയിൽ പായം
കർണാടക കൂർഗ്‌ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കുന്നിൻ ചെരിവുകൾ ഏറെയുള്ള പ്രദേശമാണ് പായം. വർഷ കാലത്ത്‌  മണ്ണൊലിപ്പ് രൂക്ഷവും. പ്രതികൂല ഭൂപ്രകൃതി തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാൻ പായത്തിന് ഒരിക്കലും തടസ്സമായില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ 1117 ഏക്കർ സ്ഥലത്ത് പുതുതായി കരനെൽ കൃഷി ചെയ്താണ്  പുതിയ മാതൃക സൃഷ്ടിച്ചത്.  250 ഏക്കറിൽനിന്ന്‌ ശരാശരി 17,000ത്തിലേറെ ടൺ നെല്ലാണ് കരനെൽകൃഷിയിലൂടെ ലഭ്യമായത്. 2019–-20 ൽ ഈ നെല്ലും പാടശേഖര കൃഷിയിലൂടെ ലഭിക്കുന്ന നെല്ലും ഉപയോഗിച്ച് പായം ഗോൾഡൻ മട്ട എന്ന ജൈവ അരിയും വിപണിയിലിറക്കി. തരിശുരഹിത പഞ്ചായത്തായി കൃഷി വകുപ്പും ഹരിത കേരള മിഷനും  പഞ്ചായത്തിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ധവള വിപ്ലവം
പാൽ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പ് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ജില്ലയിൽ നടപ്പാക്കിയത് 25 കോടിയിലേറെ രൂപയുടെ പദ്ധതികൾ. പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗ്രാമീണ ക്ഷീരമേഖലയുടെ വിപുലീകരണം, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം, തീറ്റപ്പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം തുടങ്ങിയ പദ്ധതികളിലായാണ് ഇത്രയും തുക ജില്ലയിൽ ചെലവഴിച്ചത്. മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ്‌  പദ്ധതിക്കായി 8.62 കോടി രൂപയും തീറ്റപ്പുൽകൃഷി വികസനത്തിന്‌  1.71 കോടി രൂപയും ചെലവഴിച്ചു.  1104 കറവ പശുക്കളെയും 515 കിടാരികളെയും വിതരണം ചെയ്തു. തളിപ്പറമ്പ്, പയ്യന്നൂർ, ആലക്കോട്, തലശേരി ബ്ലോക്കുകളിൽ ഡയറി സോൺ പദ്ധതിക്കായി രണ്ട്‌ കോടി  രൂപ അനുവദിച്ചു.  തില്ലങ്കേരി, ചൊക്ലി പഞ്ചായത്തുകളിൽ ഒരു കോടി രൂപ ചെലവിൽ  ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി. പിണറായി, ഉളിക്കൽ, കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്തുകളിലും ക്ഷീര ഗ്രാമം പദ്ധതിയുണ്ട്‌.