ആശങ്കയായി പുതിയ വൈറസ്, ചാപ്പാരെ !


ബൊളീവിയയുടെ തലസ്ഥാന നഗരമായ ലാ പാസിന് സമീപമുള്ള പ്രദേശത്ത് ശരീരദ്രവങ്ങളിലൂടെ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പടരുന്ന ചാപ്പാരെ വൈറസ് രോഗം  ബാധിച്ചു  മൂന്ന് പേർ മരിച്ചു. കൂടാതെ 2019 ൽ അഞ്ച് പേർക്ക് ഈ  അസുഖം പിടിച്ചതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പരസ്യപ്പെടുത്തി(നവംബർ 16). ബൊളീവിയൻ പ്രവിശ്യയായ ചാപ്പാരെയിൽ ഒരു ചാപ്പാരെ വൈറസ് കേസ്  2004 ൽ  റിപ്പോർട് ചെയ്തിരുന്നു. 2020 ൽ ചപ്പാരെ സജീവമായി പൊട്ടിപ്പുറപ്പെട്ടിട്ടില്ല. ചാപ്പാരെ വൈറസ് ഒരു മഹാമാരിയുണ്ടാക്കാൻ സാധ്യതയില്ലെന്ന് വൈറസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, വാർത്തകളെക്കുറിച്ച് ആശങ്കപ്പെടാൻ കാരണങ്ങളുണ്ട്. 2019ൽ രോഗം  സ്ഥിരീകരിച്ച അഞ്ച് രോഗികളിൽ മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണെന്നും, അവരിൽ രണ്ടുപേർ മരിച്ചുവെന്നും സിഡിസി പ്രസ്താവനയിൽ പറയുന്നു. പനി, വയറുവേദന, ഛർദ്ദി, മോണയിൽ രക്തസ്രാവം,  ചുണങ്ങ്, കണ്ണിനു പിന്നിലെ വേദന എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.
‘അരീന വൈറസ്’ എന്ന വൈറൽ കുടുംബത്തിലാണ് ചാപ്പാരെ വൈറസ് ഉൾപ്പെടുന്നത്. കടപ്പാട് cdc.gov

എബോള പോലുള്ള ഹെമറാജിക് പനി  സാധാരണ   ശ്വാസകോശ സംബന്ധമായ അസുഖങ്ങൾപോലെ വ്യാപകമായി പകരാറില്ല.1 കാരണം, അണുബാധയ്ക്ക് തൊട്ടുപിന്നാലെ ഹെമറാജിക് പനികളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. കൂടാതെ രക്തസ്രാവവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ ഒരു ഹെമറാജിക് രോഗം പിടിപെടുകയുള്ളു. പക്ഷെ ഇത്തരം രോഗങ്ങളുടെ വ്യാപകമായ പൊട്ടിപുറപ്പെടൽ  ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും രോഗികളെ  ചികിൽസിക്കുന്നതിലൂടെ ധാരാളം ആരോഗ്യ പ്രവർത്തകർക്ക്  രോഗം പകരുകയും ചെയ്യും.

ഈ ആശങ്കാജനകമായ വിശദാംശങ്ങൾ പങ്കുവെയ്ക്കുമ്പോൾ തന്നെപ്രതീക്ഷ നൽകുന്ന ചില കാര്യങ്ങളുണ്ട്. ഉയർന്നുവരുന്ന ഒരു രോഗത്തെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആഗോള ആരോഗ്യ സംവിധാനങ്ങൾ വളരെ പെട്ടെന്നുതന്നെ ഒരുമിച്ച് പ്രവർത്തിക്കുന്നതായി കാണുന്നു. മാരകമായ വൈറസുകൾ ഉൾപ്പെടെയുള്ള പുതിയ വൈറസുകൾ 21-ാം നൂറ്റാണ്ടിലെ ജീവിത യാഥാർത്ഥ്യമാണെന്നും ഒരു പാൻഡെമിക് ഉണ്ടാവുന്നതിനു മുൻപ് തന്നെ അത്തരം രോഗങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്ന ഗവേഷങ്ങൾ പ്രശംസനീയമാണ്.
അധികവായനയ്ക്ക്


കടപ്പാട് : ലൂക്ക ശാസ്ത്ര ജേർണൽ