മുംബൈ മലയാളികളുടെ നല്ല മനസ്സ് : ടാറ്റാ ആശുപത്രിയിൽ എത്തി വഴിയോരത്ത് താമസമാക്കിയ ക്യാൻസർ രോഗികളായ പാവങ്ങൾക്ക് സഹായം നൽകാൻ മുംബൈ മലയാളി സംഘടന...

ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിൽ ചികത്സക്കായി  ഊഴം കാത്ത് പാതയോരങ്ങളിൽ കിടക്കുന്ന നൂറുകണക്കിന് നിർധനർക്ക് സഹായവുമായി  മലയാളി  സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന ക്യാൻസർ രോഗികൾ  ആശുപത്രി പരിസരത്ത് മാസങ്ങളായി കാത്ത് കിടക്കുന്ന കാഴ്ചകൾ ദയനീയമാണ്.


 ക്യാൻസർ രോഗികൾക്കും സഹായത്തിനായി കൂടെ നിൽക്കുന്ന  കുടുംബാംഗങ്ങൾക്കുമാണ്  ആശുപത്രിയിലെ കിടക്കകളുടെ അഭാവം കാരണം റോഡ് സൈഡിൽ തന്നെ അഭയം തേടേണ്ടി വരുന്നത്.  കോറോണക്കാലത്തെ കടുത്ത നിയന്ത്രണങ്ങളും  അതിശൈത്യവും  ഇവരുടെയൊക്കെ ജീവിതം ദുസ്സഹമാക്കി.


സന്നദ്ധ സേവകർ നൽകുന്ന സഹായങ്ങളാണ്  ഇവർക്കുള്ള ഏക ആശ്വാസം. പുതുവത്സരത്തെ വരവേൽക്കാൻ നഗരം തയ്യറെടുക്കുമ്പോൾ പാതയോരത്തെ ഈ നിരാലംബരെയും ചേർത്ത് പിടിക്കുകയാണ് കെയർ ഫോർ മുംബൈ എന്ന സന്നദ്ധ സംഘടന.

അർബുദ രോഗം ഗുരുതരമായവർക്ക് ശൈത്യകാലത്തെ പ്രതിരോധിക്കാൻ  കമ്പിളി  പുതപ്പ്, ബെഡ് ഷീറ്റുകൾ   കൂടാതെ കേടുവരാത്ത  ഭക്ഷ്യവസ്തുക്കളും  നൽകിയാണ് ഇവർക്കൊക്കെ കെയർ ഫോർ മുംബൈ ഒരു തണലായത്.

മാസങ്ങൾ നീണ്ടു നിൽക്കുന്ന ചികിത്സയിൽ വിവിധ ഘട്ടങ്ങളിലായി റേഡിയോ തെറാപ്പിക്കും ഇതര  ടെസ്റ്റുകൾക്കുമായാണ്  രോഗികൾ വഴിയരികിൽ ഊഴം കാത്തു കഴിയുന്നത്.

ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ഓരോ വർഷവും 60,000 പുതിയ ക്യാൻസർ രോഗികളാണ്  ചികിത്സ തേടിയെത്തുന്നത്.  അത് കൊണ്ട് തന്നെ  ചെറിയൊരു വിഭാഗത്തിന്  മാത്രമാണ് കിടന്ന് ചികിൽസിക്കാനുള്ള അവസരം ലഭിക്കുന്നത്.   അന്യ സംസ്ഥാനങ്ങളിൽ നിന്ന്   ചികിത്സ തേടി ഇവിടെയെത്തുന്ന ഇവരുടെ പ്രധാന പ്രശ്നവും തല ചായ്ക്കാനൊരിടമില്ലാത്തതാണ്.

കൊവിഡ് കാലത്ത് നഗരത്തിന്റെ  മുക്കിലും മൂലയിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഭക്ഷണ കിറ്റുകളും എത്തിച്ച് മറ്റു സംഘടനകൾക്ക് മാതൃകയായ കെയർ ഫോർമുംബൈ നിസ്സീമമായ സന്നദ്ധ പ്രവർത്തനങ്ങൾ വഴി ഇരുട്ടിൽ തപ്പുന്ന നഗരത്തിലെ പാവങ്ങളായ അന്തേവാസികൾക്ക് വഴിവിളക്കാവുകയാണ്