സംസ്ഥാനത്ത് ഇന്ന് ഡ്രൈ റൺ : കോവിഡ് - 19 വാക്സിൻ വിതരണം ചെയ്യുന്നത് സൗജന്യമായി.

കേന്ദ്രം പണമീടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

ഇത് കേരളം നേരത്തെ വ്യക്തമാക്കിയതാണ് കേന്ദ്രം സൗജന്യമായി വാക്സിന്‍ വിതരണം നടത്തിയാല്‍ അത് നന്നായിരിക്കുമെന്നും കെകെ ശൈലഡ ടീച്ചര്‍ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് വാക്സിന്‍റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ട്.

വാക്സിന്‍ എത്തിയാല്‍ എത്രയും പെട്ടന്ന് തന്നെ അത് സംസ്ഥാനത്ത് വിതരണം ചെയ്യും. ഇത് സംബന്ധിച്ച എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ണമായിക്ക‍ഴിഞ്ഞു. വാക്സിന്‍റെ ശേഖരണം, വിതരണം, ഒരിടത്ത് നിന്നും മറ്റൊരിടത്തേക്കുള്ള ട്രാന്‍സ്പോട്ടേഷന്‍ എന്നിവയുടെയെല്ലാം ട്രയല്‍ റണ്‍ ആണ് ഇന്ന് നടക്കുക.

ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടത്. പിന്നീടുള്ളത് 60 വയസിന് മുകളില്‍ പ്രായമുള്ളവരിലും അനുബന്ധ രോഗമുള്ളവരിലുമാണ്.

വാക്‌സിന്‍ എത്തി കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളുടെ പരിശീലനമാണ് ഡ്രൈ റണ്‍ കൊണ്ട് ഉദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡിന്റെ അതിതീവ്ര വൈറസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. രോഗം ബാധിച്ച എല്ലാവരെയും സര്‍ക്കാര്‍ സൗജന്യമായി തന്നെ ചികിത്സിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.