കോവിഡിനൊപ്പമുള്ള ഒരാണ്ട്, രാജ്യത്തും സംസ്ഥാനത്തും ആദ്യമായി കോവിഡ് - 19 സ്ഥിതീകരിച്ചത് കഴിഞ്ഞ വര്ഷം ഇതേ ദിവസം. വായിക്കാം ഒരുവര്‍ഷത്തെ കോവിഡ് ജീവിതം.


  • സംസ്ഥാനത്തും രാജ്യത്തും കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം.
  • കേരളത്തിൽ ഇതുവരെ രോഗബാധിതരായത് 9,17,630 പേർ

രാജ്യത്തെ നടുക്കിക്കൊണ്ട് സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന്റെ ഓർമകൾക്ക് ഇന്നേക്ക് ഒരു വയസ്. ചൈനയിലെ വുഹാനില്‍ നിന്ന് ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് തൃശൂരില്‍ എത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിക്കായിരുന്നു കഴിഞ്ഞ വർഷം ഇതേദിവസം കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടമായ ജനുവരി 30 മുതല്‍ മാര്‍ച്ച് അഞ്ച് വരെ ആകെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. ആദ്യഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി നേരിടാന്‍ കേരളത്തിനായിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറമെത്തി നിൽക്കുമ്പോൾ സംസ്ഥാനത്ത് രോഗവ്യാപനത്തിന് ഇനിയും അയവു വന്നിട്ടില്ല. രോഗത്തിന്റെ തോത് കുറയുന്നില്ലെങ്കിലും കോവിഡ് മുന്നറിയിപ്പിനെ തുടർന്ന് കേരളം നടത്തിയ മുന്നൊരുക്കങ്ങളും മരണനിരക്ക് പിടിച്ചുനിര്‍ത്താനായതും രോഗപ്രതിരോധത്തില്‍ സംസ്ഥാനം സ്വീകരിച്ച ചിട്ടയായ പ്രവർത്തനങ്ങളും ലോക ശ്രദ്ധയാകർഷിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര പ്രശംസ പിടിച്ചുപറ്റിയ കേരളത്തിൽ ഒന്നാം വാര്‍ഷികത്തിലേക്കെത്തുമ്പോള്‍ വ്യാപന തോത് വർധിക്കുന്നതിൽ പൊതുവേയുള്ള ജാഗ്രതക്കുറവിന് പങ്കുണ്ട്. ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് വീണ്ടും സർക്കാർ തീരുമാനിച്ചിട്ടുള്ളത്. വാക്സിൻ എത്തിയെങ്കിലും ജാഗ്രതയോടെ ജീവിക്കാന്‍ ശീലിച്ചവർ ജാഗ്രത വെടിയേണ്ട ഘട്ടമായിട്ടില്ല. 2020 ചരിത്രത്തിലെ ഒരു കറുത്ത ഏടായിരുന്നുവെങ്കിൽ 2021 പ്രതീക്ഷയുടെ പുതുനാമ്പുകളാണ് സമ്മാനിക്കുന്നത്. മഹാമാരിയില്‍ പതറാതെ കാതങ്ങൾ താണ്ടിയ സംസ്ഥാനത്തിന് ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. അതിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണ്.