റിപ്പബ്ലിക് ദിന ട്രാക്റ്റര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പങ്കെടുക്കുക ഒരു ലക്ഷത്തില്‍ അധികം ട്രാക്ക്റ്ററുകള്‍... | Farmers Tractor Parade

ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകളാണ് പരേഡില്‍ പങ്കെടുക്കുക. സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണത്തില്‍ ആയിരിക്കും പരേഡ് നടക്കുക.

അതേ സമയം കര്‍ഷകര്‍ക്ക് 26 പകരം മറ്റൊരുദിവസം തെരഞ്ഞെടുക്കമായിരുന്നുവെന്നും സമരം അടുത്തുതന്നെ അവസാനിക്കുമെന്നും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പ്രതികരിച്ചു.

ട്രാക്ക്റ്റര്‍ പരേഡ് നടക്കുന്ന ചില മേഖലകളില്‍ ദേശവിരുദ്ധ ശക്തികളുടെ സാനിധ്യമുണ്ടെന്ന് ദില്ലി പോലീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രാജ്യം ഇത് വരെ കാണാത്ത ഐതിഹാസിക പ്രതിഷേധത്തിനാണ് കര്‍ഷകര്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ചരിത്ര റാലിയില്‍ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ അണിനിക്കും.

സുരക്ഷ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മ്മാരെ നിയോഗിക്കും. ഒരു ട്രാക്ടറില്‍ നാല് ആളുകളില്‍ കൂടുതല്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞു കയറി കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ കൂടുതല്‍ മുന്നൊരുക്കങ്ങളുമായാണ് റാലി നടത്തുക.

സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് റാലി നടക്കുക. ദില്ലി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു ചില സ്ഥലങ്ങളില്‍ ദേശവിരുദ്ധ ശക്തികളുടെ സാനിധ്യമുണ്ടെന്നും ജാഗ്രത കര്‍ശനമാക്കാന്‍ നിരദേശം നല്‍കിയെന്നും ദില്ലി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

റാലിക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. തിക്രി, സിംഗു അതിര്‍ത്തിയില്‍ നിന്ന് 65 കിലോമീറ്ററും ഗാസിപൂര്‍ അതിര്‍ത്തിയില്‍ നിന്ന് 46 കിലോമീറ്റര്‍ ദൂരം വരെയും റാലി നടത്താമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.