കൊച്ചി ഇനി കുരുക്കില്ലാതെ കുതിക്കും. വൈറ്റില - കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. | Pinarayi Vijayan

മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ ഒമ്പതര കഴിഞ്ഞപ്പോള്‍ വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഗതാഗതകുരുക്കില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിനിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.


വികസനക്കുതിപ്പിലൂടെ കാലാവധി പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ രണ്ട് മേല്‍പ്പാലങ്ങളാണ് മധ്യകേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. കൊച്ചിനിവാസികളുടെ ചിരകാല സ്വപ്നമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. 11മണിക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.


ഇതോടെ ഗതാഗതക്കുരുക്കില്‍ ദുരിതമനുഭവിക്കുന്ന മധ്യകേരളത്തിന് ശാശ്വതപരിഹാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡും പ്രതികൂല കാലാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തരണം ചെയ്താണ് രണ്ട് മേല്‍പ്പാലങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.


കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കേണ്ട ദേശീയപാതയില്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം സാധ്യമാക്കിയത്. ടോള്‍രഹിതമായാണ് ഇവ നാടിന് സമര്‍പ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


കഴിഞ്ഞ ദിവസം കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങളുടെ ഭാര പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ദേശിയ പാത വിഭാഗം ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷമാണ് ഉത്ഘാടന തിയതി പ്രഖ്യാപിച്ചത്.


ആറുവരി പാതകളിലായി 717 മീറ്ററാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നീളം. രണ്ട് ഭാഗത്തേക്കുമായി ആറുനിരയില്‍ ഒരേസമയം വാഹനങ്ങള്‍ക്ക് കടന്നു പോകാം. 90 കോടിയോളം രൂപയാണ് മുതല്‍മുടക്ക്. എന്‍.എച്ച് -66, എന്‍.എച്ച്. -966 ബി, എന്‍.എച്ച്. -85 എന്നീ ദേശീയപാതകളാണ് കുണ്ടന്നൂരില്‍ സംഗമിക്കുന്നത്.


വൈറ്റില കഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍. 80 കോടി രൂപ മുതല്‍ മുടക്കിയാണ് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയത്. ഇരുവശത്തേക്കും ആറ് വരിപ്പാതകളിലായി 701 മീറ്ററാണ് നീളം.


ദേശീയപാത 66ലെ ഏറ്റവും തിരക്കേറിയ വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുകയാണ്. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ ഒരു പൊന്‍തൂവല്‍ കൂടിയും.