കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

 ആലക്കോട് (കണ്ണൂർ) 


വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി സ്വർണ്ണം തട്ടിയെടുത്ത് ഒളിവിൽ പോയ സംഭവത്തിൽ പ്രതി പിടിയിൽ. തളിപ്പറമ്പ് പോലീസ് അതി വിദഗ്ദ്ധമായാണ് പ്രതിയെ പിടികൂടിയത്.

        തേര്‍ത്തല്ലി സ്വദേശിയ സിബി വര്‍ഗീസ്(58) നെയാണ് ഇന്നലെ രാത്രി എടക്കോത്തെ ഒളിവു കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.ഒരു കവര്‍ ബിസ്‌ക്കറ്റുമായി ഒടുവള്ളിത്തട്ട് പുറത്തോട്ടില്‍ ഒറ്റക്ക് താമസിക്കുന്ന 71 കാരിയുടെ വീട്ടിലെത്തിയ സിബി വര്‍ഗീസ് മുറിക്കകത്ത് കടന്ന് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കുകയും മാനഭംഗപ്പെടുത്തി കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണ വള ഭീഷണിപ്പെടുത്തി ഊരി വാങ്ങുകയുമായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിലായിരുന്നു സംഭവം.

അന്വേഷണത്തിനെത്തിയ എസ്എച്ച്ഒ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി വീട്ടില്‍ ഉപേക്ഷിച്ച ബിസ്‌ക്കറ്റ് കവര്‍ കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിസ്ക്കറ്റ് വാങ്ങിയ ബേക്കറിയുടെ ഉടമയെ കണ്ടെത്തുകയും അവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

         സംഭവത്തിന് ശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ തേടി പോലീസ് അങ്ങോട്ടേക്ക് ചെന്നുവെങ്കിലും പോലീസിനെ വെട്ടിച്ച് നാട്ടിലെത്തിയ ഇയാള്‍ എടക്കോത്ത് ഒളിവില്‍ കഴിയുകയുമായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സിബി വര്‍ഗീസിന് രണ്ട് പെണ്‍മക്കളുണ്ട്.

             വനിതാ ദിനത്തില്‍ ബിസ്‌ക്കറ്റുമായി വീട്ടിലെത്തിയത് ആര്‍ക്കും സംശയം തോന്നാതിരിക്കാനാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.വില്‍പ്പന നടത്തിയ സ്വര്‍ണവള പോലീസ് കണ്ടെടുത്തു. സിബി യുടെ അക്രമത്തില്‍ പരിക്കേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി പ്രേമചന്ദ്രൻ്റെ നേതൃത്തിൽ സിഐ ജയകുമാർ, എസ്ഐ സുനിൽ കുമാർ, എസ്ഐ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ശ്രീകാന്ത് തുടങ്ങിയവരാണ് കേസന്വേഷണത്തിലുണ്ടായത്.