ജന്മനാടിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി പര്യടനം

 


ആലക്കോട് ടൗണിലെ റോഡ് ഷോ, ചെമ്പേരി ടൗണില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

ശ്രീകണ്ഠാപുരം

ജന്മനാടിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങി ഇടതുപക്ഷ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം ചെമ്പേരി ടൗണില്‍ പര്യടനം നടത്തി. ചെമ്പേരി വഴക്കുഴ വീട്ടിലാണ് സജിയുടെ ജനനം നാല് വയസ്സിന് ശേഷമാണ് അമ്മ വീടായ വെള്ളാട് കുറ്റ്യാനിമറ്റത്ത് വീട്ടില്‍ എത്തുന്നത്. ചെമ്പേരി ടൗണില്‍ തന്റെ ബാല്യകാല സുഹ്റ്ത്തുക്കളെയും നാട്ടുകാരെയും കാണാനെത്തിയ സജിയെ ജാതി മത രാഷ്ട്രീയ ബേധമന്ന്യേ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സജിയുടെ ബാല്യകാല സുഹ്റ്ത്തുമായ മുല്ലമംഗലം ബേബിയും സജിയെ സ്വീകരിക്കാനും വോട്ടഭ്യര്‍ത്ഥികാനും മുന്നിലുണ്ടായിരുന്നു. ചെമ്പേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ആരാധാനാലയങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. കെ പി ദിലീപ്, എ പി ജോസഫ്, ബെന്നി കൊട്ടാരം, എ ശ്രീനിവാസന്‍ ജോബി സ്കറിയ, എം ഡി രാധാമണി, പി കെ സുമാദേവി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ആലക്കോട് ടൗണില്‍ റോഡ് ഷോ നടത്തി. വര്‍ണ്ണശബളമായ റോഡ് ഷോയില്‍ നൂറ് കണക്കിന് എല്‍ഡി എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കരുണാകരന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, വി ജി സോമന്‍, ബിജു പുതുക്കള്ളില്‍, കെ പി സാബു തുടങ്ങിയവര്‍ നേത്റ്ത്വം നല്‍കി.