എലഗന്‍സ് ഹോട്ടലിന് മുന്നിലെ തൊഴിലാളി സമരം ശക്തമാക്കി ഉപരോധത്തെ തുടര്‍ന്ന് അനധിക്റ്ത തൊഴിലാളികളെ ഒഴിവാക്കി

 


ആലക്കോട്

സ്ഥിരം തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് അനധിക്റ്ത തൊഴിലാളികളെ വെച്ച് പ്രവർത്തിക്കുന്ന കരുവഞ്ചാൽ ബാർ ഹോട്ടലിന് മുന്നിലെ തൊഴിലാളി സമരം ശക്തമാക്കി. ബുധനാഴ്ച രാവിലെ അനധിക്റ്ത തൊഴിലാളികളെ ജോലിയിൽ പ്രവേശിക്കാൻ സമ്മതിക്കാതെ കവാടത്തിന് മുന്നിൽ വെച്ച് സമരം ചെയ്യുന്ന തൊഴിലാളികൾ തടഞ്ഞു. തുടർന്ന് ആലക്കോട് പൊലീസ് സ്ഥലതെത്തി അനുരജ്ജന ചർച്ച നടത്തി കോടതി ഉത്തരവ് പ്രകാരമുള്ള തൊഴിലാളികളെ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് ധാരണയിൽ ഉപരോധ സമരം താൽക്കാലികമായി നിർത്തി. ഇപ്പോൾ തുടർന്ന് വരുന്ന റിലേ സത്യാഗ്രഹം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. 

                 തൊഴിൽ നിഷേധത്തിനെ തുടർന്ന്  70 ദിവസമായി എലഗൻസ് ബാറിന് മുന്നിൽ തൊഴിലാളികൾ സമരം ചെയ്യുന്നു. ഇതിനിടയിൽ കോടതിയിൽ പോയ ബാർ ഉടമകൾ എട്ട് താൽക്കാലിക ജീവനക്കാരെ വച്ച് ബാർ തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് വിധി നേടിയിരുന്നു. ഇതിന്റെ മറവിൽ നാല്പതോളം അനധിക്റ്ത തൊഴിലാളികളെ വെച്ച് ബാർ പ്രവർത്തിപ്പിക്കുന്നതിനെതിരെയാണ് ഇന്ന് തൊഴിലാളികൾ ഉപരോധ സമരം നടത്തിയത്. മാർച്ച് 23നുള്ളിൽ വീണ്ടും ചർച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കാമെന്നും ഇന്ന് നടന്ന ചർച്ചയിൽ ധാരണയായി. ആലക്കോട് പൊലീസിന്റെ നേത്റ്ത്വത്തിൽ നടന്ന ചർച്ചയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ, ഏരിയാ സെക്രട്ടറി പി വി ബാബുരാജ്, സിഐടിയു ഏരിയാ സെക്രട്ടറി ടി പ്രഭാകരൻ എന്നിവരും ബാർ ഉടമകളും പങ്കെടുത്തു.