കേരളത്തിന്‍റെ സ്വന്തം കുപ്പിവെള്ളമായ ഹില്ലി അക്വയ്ക്ക് വിപണിയില്‍ പ്രിയമേറുന്നു : 13 രൂപയ്ക്ക് ലഭിക്കുന്നത് ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാത്ത കേരള സര്‍ക്കാര്‍ ഉല്‍പ്പന്നം.
തിരുവനന്തപുരം :
‘ഒന്നര വർഷം പഞ്ചാബിലാണ്‌ ജോലി ചെയ്തത്. കേരളത്തിലെത്തിയിട്ട്‌ രണ്ടാഴ്ചയേ ആയുള്ളൂ. വൈകിട്ട്‌ കടയിൽ പോയി രണ്ട്‌ ലിറ്ററിന്റെ കുപ്പിവെള്ളം വാങ്ങി 40 രൂപ കൊടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങി. ചേട്ടൻ ബാക്കിയെന്ന്‌ പറഞ്ഞ് തിരികെ വിളിച്ചു 14 രൂപ‌ തന്നപ്പോൾ ഞെട്ടി.’ കോട്ടയം സ്വദേശി ദീപക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു‌‌. ‌

ദാഹിച്ച്‌ നിൽക്കുമ്പോൾ കുപ്പിവെള്ളം വാങ്ങണമെന്നോർത്താൽ തൊട്ടാൽ പൊള്ളുന്ന വിലയായിരുന്നു മുമ്പൊക്കെ. വിപണിയിൽ കുപ്പിവെള്ളത്തിന്‌ 20 രൂപയുള്ളപ്പോഴായിരുന്നു സർക്കാർ ഉൽ‌പന്നമായ ഹില്ലി അക്വയിലൂടെ 13 രൂപയ്ക്ക്‌ സംസ്ഥാനത്തുടനീളം കുടിവെള്ളമെത്തിച്ചത്‌.

പിന്നീട്‌ 2020 മാർച്ച്‌ മൂന്നോടെ സ്വകാര്യ കുടിവെള്ള കമ്പനികൾ ഉൾപ്പെടെ 13 രൂപ നിരക്കിൽ കുടിവെള്ളം വിൽപനയ്ക്ക്‌ എത്തിക്കണമെന്ന്‌ സർക്കാർ വിജ്ഞാപനമിറക്കി. അധികവില ഈടാക്കുന്നവർക്ക്‌ 5000 രൂപ വരെ പിഴ ചുമത്താനും നിർദേശമായി.

കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷനിലൂടെയാണ്‌ ആദ്യം തൊടുപുഴയിലും പിന്നീട്‌ അരുവിക്കരയിലും‌ ഹില്ലി അക്വയുടെ പ്ലാന്റ്‌ സ്ഥാപിച്ചത്‌. 20 ലിറ്ററിന്‌ 60 രൂപ നിരക്കിൽ അരുവിക്കരയിൽനിന്ന് തലസ്ഥാനത്ത്‌‌ കുടിവെള്ളമെത്തിക്കുന്നു‌.  കുടുംബശ്രീ ജില്ലാ ടീമിന്റെ നേതൃത്വത്തിൽ ആറു യുവതീയുവാക്കളടങ്ങുന്ന ‘സാന്ത്വനം' എന്ന യുവശ്രീ ഗ്രൂപ്പാണ് 20 ലിറ്റിന്റെ‌ കുടിവെള്ള വിതരണവും മാർക്കറ്റിങ്ങും ഏറ്റെടുത്തിരിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ പ്രകടന പത്രികയിലെ ഒരു പദ്ധതി കൂടിയാണ്‌ ഇതിലൂടെ പൂർത്തികരിച്ചത്.