നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് അപേക്ഷ മാർച്ച് 17 വരെ.

നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് അർഹതയുള്ള സമ്മതിദായകർക്ക് മാർച്ച് 17 വരെ അപേക്ഷ നൽകാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. വോട്ടർ പട്ടികയിൽ പേരുള്ള 80 വയസിനു മുകളിൽ പ്രായമുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവർ എന്നീ വിഭാഗക്കാർക്കാണു പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നത്. 

പോസ്റ്റൽ വോട്ടിനായി ഫോം 12-ഡിയിൽ റിട്ടേണിങ് ഓഫിസർക്ക് സമ്മതിദായകൻ അപേക്ഷ നൽകണം.  തെരഞ്ഞെടുപ്പ് ചുമതലയുള്ള ബ്ലോക്ക് ലെവൽ ഓഫിസർമാർ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടിൽ നേരിട്ടെത്തിക്കുകയും തിരികെ വാങ്ങുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതിക്കു ശേഷമുള്ള അഞ്ചു ദിവസങ്ങൾക്കകമാണു തപാൽ വോട്ടിന് അപേക്ഷിക്കാനുള്ള സമയം.  ജില്ലയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12നു വരുന്നതിനാൽ പിറ്റേന്നു മുതലുള്ള അഞ്ചു ദിവസം തികയുന്ന മാർച്ച് 17 വരെയാകും അപേക്ഷകൾ സ്വീകരിക്കുകയെന്നു കളക്ടർ പറഞ്ഞു.

മാർച്ച് 17നു ശേഷം തപാൽ വോട്ട് അനുവദിക്കില്ല.  ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവർക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറിൽ പിപിഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യണം.  ജില്ലയിൽ തപാൽ വോട്ടിനുള്ള അപേക്ഷകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.  ശാരീരിക വൈകല്യം മൂലം പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്നവർ ഫോം 12ഡിയോടൊപ്പം അതു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകണം. കോവിഡ് രോഗികളായവരും ക്വാറന്റൈനിൽ കഴിയുന്നവരും അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നൽകണമെന്നും കളക്ടർ പറഞ്ഞു.

തപാൽ വോട്ടിനുള്ള അപേക്ഷകൾ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫിസർ ബാലറ്റ് പേപ്പറുകൾ നേരിട്ട് സമ്മതിദായകന്റെ അടുത്ത് എത്തിക്കും. പോസ്റ്റൽ വോട്ട് അനുവദിക്കുന്ന സമ്മതിദായകരുടെ പേരിനു നേർക്ക് വോട്ടർ പട്ടികയിൽ 'പി ബി' എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തും.  ഇവർക്കു പിന്നീട് ഈ തെരഞ്ഞെടുപ്പിൽ ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ്                പേപ്പർ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തിലെത്തി വോട്ട് ചെയ്യുന്ന എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാകും പോസ്റ്റൽ ബാലറ്റ് പേപ്പറിൽ സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു തിരികെ വാങ്ങുന്നതെന്നും കളക്ടർ പറഞ്ഞു. പോസ്റ്റൽ ബാലറ്റിന്റെ ഒരു ഘട്ടത്തിലും സമ്മതിദായകന് അപേക്ഷയോ ബാലറ്റോ റിട്ടേണിങ് ഓഫിസർക്ക് നേരിട്ട് അയക്കാൻ കഴിയില്ലെന്നും, പോളിങ് ഉദ്യോഗസ്ഥർ മുഖേന മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ട്  രേഖപ്പെടുത്താനാകൂ എന്നും കളക്ടർ വ്യക്തമാക്കി.

*തെരഞ്ഞെടുപ്പു നടപടികളുമായി പൂർണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടർ*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നൽകണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അഭ്യർഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾ സൗഹാർദ സമീപനം സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നുകഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽവന്ന് 24 മണിക്കൂറിനുള്ളിൽ സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോർഡുകളും പോസ്റ്ററുകളും മറ്റു പരസ്യങ്ങളും നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതു പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ബോർഡുകൾ നീക്കം ചെയ്യുന്നുണ്ട്. ഈ നടപടികളോട് എല്ലാവരും സഹകരിക്കണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1000 വോട്ടർമാർക്കു മാത്രമാണു വോട്ട് അനുവദിക്കുക. നിലവിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 14 മണ്ഡലങ്ങളിലുമായി 1,428 ബൂത്തുകൾകൂടി അധികമായി തുറക്കും. നിലവിലുള്ള ചില ബൂത്തുകൾ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിൽ കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം ബൂത്ത് മാറ്റേണ്ട സാഹചര്യമുണ്ട്. ഇത് അതേ കോംപൗണ്ടിൽത്തന്നെ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു ശുപാർശ നൽകുമെന്നും കളക്ടർ പറഞ്ഞു. 

*മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി*

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ രൂപീകരിച്ച കമ്മിറ്റിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, എ.ഡി.എം. ടി.ജി. ഗോപകുമാർ, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫിസർ കെ.എസ്. ഇന്ദുശേഖർ, ദൂരദർശൻ ന്യൂസ് എഡിറ്റർ എം. മുഹ്സീൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളാണ്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നൽകുന്ന പരസ്യങ്ങളുടെ സർട്ടിഫിക്കേഷൻ, മോണിറ്ററിങ്, പെയ്ഡ് ന്യൂസ് മോണിറ്ററിങ്, ഇവയുമായി ബന്ധപ്പെട്ട പരാതികളുടെ പരിശോധന തുടങ്ങിയവയ്ക്കായാണു കമ്മിറ്റി രൂപീകരിച്ചത്.