കേന്ദ്രത്തിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ത്രിദിന പ്രതിഷേധ പരിപാടിക്ക് തുടക്കം; 26ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് തൊഴിലാളികള്‍.

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകളുടെ ത്രിദിന പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം. ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ 26ന് അവസാനിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 26ന് ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. നാല് തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, മൂന്ന് കാര്‍ഷിക നിയമങ്ങള്‍, വൈദ്യുത ഭേദഗതി നിയമം 2021 എന്നിവ റദ്ദാക്കുക, കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ഈ മാസം 15, 16 തീയതികളിലെ പണിമുടക്ക് വിജയമാക്കിയ ബാങ്കിങ് മേഖലയെയും 17നും 18നും പണിമുടക്ക് നടത്തിയതിന് ഇന്‍ഷുറന്‍സ് കമ്പനികളെയും ഇന്നലെ ഷഹീദ് ദിവസത്തിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ അഭിനന്ദിച്ചു.

15ന് സ്വകാര്യവല്‍ക്കരണ വിരുദ്ധ ദിനമായി ആചരിച്ച തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും അഭിനന്ദനം അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ പുനഃപരിശോധന നടത്തണമെന്ന കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് ലേബര്‍ കോഡുകള്‍ കത്തിക്കും. 26ലെ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.