കണ്ണൂരില്‍ കോണ്‍ഗ്രസ്സില്‍ കൂട്ട രാജി. സജീഫ് ജോസഫിന്റെ അനുയായികളെ എ ഗ്രൂപ്പുകാര്‍ അക്രമിച്ചു





 ശ്രീകണ്ഠാപുരം

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സില്‍ കൂട്ട രാജി, ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫിന്റെ അനുയായികളെ എ ഗ്രൂപ്പുകാര്‍ അക്രമിച്ചു. ചുണ്ടപ്പറമ്പ് സദേശി മുണ്ടക്കല്‍ ആന്റണി, ശ്രീകണ്ഠാപുരം സ്വദേശി തവളമാക്കല്‍ മോഹനന്‍ എന്നിവരെയാണ് അതി ക്രൂരമായി അക്രമിച്ചത്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് കരനായ സജീവ് ജോസഫിനെ സ്ഥാനാര്‍ഥി ആക്കരുത് എന്നും അഡ്വ: സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നും ആവിശ്യപ്പെട്ട് എ ഗ്രൂപ്പുകാര്‍ ഇന്നലെ ഉച്ചയോടെ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ അംഗീകരിക്കണമെന്നും കോണ്‍ഗ്രസ് ഓഫീസ് ആരുടെയും തറവാട്ട് സ്വത്തെല്ല എന്നും പറഞ്ഞ് ഇവിടെ വന്ന് ബഹളം വെച്ചവര്‍ക്ക് നേരെയാണ് അക്രമണം ഇവര്‍ മദ്യ ലഹരിയിലും ആയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സ് ഓഫീസില്‍ ചവിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വെച്ചാണ് എ ഗ്രൂപ്പിലെ നേതാക്കള്‍ ഓദ്യോഥിക സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് കണ്‍വീനര്‍ പി ടി മാത്യു, കെപിസിസി സെക്രട്ടറിമാരായ കെ വി ഫിലോമിന, ചന്ദ്രന്‍ തില്ലങ്കേരി, വി എന്‍ ജയരാജ്, കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് വക്കത്താനം, ചാക്കോ പാലക്കലോടി, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, 21 ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, 7 ബ്ലോക്ക് പ്രസിഡന്റുമാര്‍, ഇരിക്കൂര്‍ അസംബ്ലി മണ്ഡലത്തിലെ 8 മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലയിലെ മഹിള കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്, കെഎസ്യു ഭാരവാഹികള്‍ എന്നിവരുറ്റെ രാജിയാണ് പ്രഖ്യാപിച്ചത്.

         ചൊവ്വാഴ്ച ഇരിക്കൂര്‍ മണ്ഡലത്തിലെയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പേരാവൂര്‍,കണ്ണൂര്‍ മണ്ഡലങ്ങളിലെയും ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെതുള്‍പ്പടെ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. 38 വര്‍ഷമായി എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്നു ഇരിക്കൂര്‍ സീറ്റ് ഏകപക്ഷീയമായി ചിലയാളുകളുടെഹൈക്കമാന്‍ഡിലെ ഇടപെടല്‍ മൂലം ഹൈജാക്ക് ചെയ്തുവെന്നും അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നും പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഐ ഗ്രൂപ്പ് നേതാവായ സുധാകരന്റെയുള്‍പ്പടെ പിന്തുണ ഇപ്പോള്‍ കെട്ടിയെഴുന്നള്ളിച്ച സ്ഥാനാര്‍ഥിക്കില്ലെന്നും ഇരിക്കൂര്‍ മണ്ഡലത്തിലെ സാധാരണക്കാരായ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ഇയാളെ അറിയില്ലെന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് രാപ്പകല്‍ സമരം ആവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് നേതാക്കള്‍ വീടുകളിലേക്ക് മടങ്ങി. വൈകിട്ടോടെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് സജീവ് ജോസഫിനെ ആനയിച്ച് ശ്രീകണ്ഠാപുരം ടൗണില്‍ പ്രകടനം നടത്തി. വന്‍ സംഘര്‍ഷം ഉണ്ടാകുമെന്ന പ്രചാരണത്തേ തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.