തിരുവനന്തപുരം : കോവിഡ് വാക്‌സിൻ വിതരണത്തിലും ഒന്നാമതെത്തി കേരളം. പത്തുലക്ഷം പേരിൽ കണക്കാക്കുമ്പോൾ ഏറ്റവുമധികം പേർക്ക് വാക്‌സിൻ നൽകിയ സംസ്ഥാനമായാണ് കേരളം മാറിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് രണ്ടുകോടിയിലധികം ആളുകൾക്ക് വാക്‌സിൻ നൽകി. വെള്ളിയാഴ്ചവരെ കേരളത്തിൽ 12.73 ലക്ഷം പേർ ആദ്യഡോസ് സ്വീകരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ചവർ 2.6 ലക്ഷമാണ്. പത്തുലക്ഷം പേരിൽ കണക്കാക്കുമ്പോൾ 38000ത്തിലധികം പേർക്കാണ് ഇവിടെ വാക്‌സിൻ നൽകുന്നത്. രണ്ടാം സ്ഥാനം കർണാടകയ്‌ക്കാണ്.
സ്‌ത്രീകളിലും കേരളം മുന്നിൽ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലും സ്‌ത്രീകൾ കോവിഡ്
വാക്‌സിൽ എടുത്തതും കേരളത്തിൽ. നാല് ലക്ഷത്തിലധികം സ്‌ത്രീകൾ വാക്‌സിൻ
എടുത്തപ്പോൾ പുരുഷന്മാർ മൂന്ന് ലക്ഷമാണ്. സംസ്ഥാനത്ത് ഏറ്റവും
കൂടുതൽപേർ വാക്‌സിൻ സ്വീകരിച്ചത് എറണാകുളം ജില്ലയിലാണ്, 196614. ആദ്യ
ഡോസ് 161782 പേർക്കും രണ്ടാം ഡോസ് 34832 പേർക്കും ലഭിച്ചു.
തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
നിലവിൽ 60ന് മുകളിൽ പ്രായമുള്ള 50,000ത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. 45നും 59നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ള 25105 പേരും വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ (ആദ്യഡോസ്–- 398000, രണ്ടാംഡോസ്–- 262305), മുന്നണി പ്രവർത്തകൾ(ആദ്യഡോസ്–- 106392, രണ്ടാംഡോസ് 2539), പോളിങ് ഓഫീസർമാർ(ആദ്യ ഡോസ്–274449)
രാജ്യത്തിന് മാതൃക
ഒരു സമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിത്സയിലുണ്ടായിരുന്നതും പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുമായിരുന്ന കേരളം ഇന്ന് തിരിച്ചുവരവിന്റെ പാതയിൽ. രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതിനൊപ്പം രോഗമുക്തി നിരക്കിൽ വൻ കുതിപ്പാണുള്ളത്. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം വീണ്ടും ലഭിച്ചു. ഫെബ്രുവരി 11ന് 63,915 പേർ ചികിത്സയിലുണ്ടായിരുന്നെങ്കിൽ മാർച്ച് 11ൽ അത് 33,785 ആയി കുറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ വിജയമാണെന്ന് കേന്ദ്രമുൾപ്പെടെ സമ്മതിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുണ്ടായിരുന്നത് 2020 ഒക്‌ടോബർ 24ന് ആണ്; 97,417 പേർ. ഇപ്പോൾ ഇത് 32,174 മാത്രമാണ്.
തുടർച്ചയായി 12 ദിവസമായി സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിൽ താഴെയാണ്. അതിൽ മൂന്ന് ദിവസം രണ്ടായിരത്തിൽ താഴെ. ഫെബ്രുവരി ഒന്നിന് 10.3 ശതമാനമായിരുന്ന രോഗസ്ഥിരീകരണ നിരക്ക് മൂന്ന് ശതമാനത്തിലെത്തിയത് വെറും ഒരു മാസം കൊണ്ട്. 2020 ഒക്‌ടോബർ പത്തിനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണ നിരക്ക് റിപ്പോർട്ട് ചെയ്തത്, 17.46 ശതമാനം. അതിൽ നിന്നാണ് പുതിയ നേട്ടം കൈവരിച്ചത്. പ്രതിദിന പരിശോധന ഒരുലക്ഷത്തിനടുത്ത് വന്നതും തുടർച്ചയായി എണ്ണം വർധിപ്പിച്ചതും കേരളത്തിന്റെ പ്രതിരോധ തന്ത്രങ്ങളുടെ വിജയമായി.
ചികിത്സയിൽ 30,939 പേർ
സംസ്ഥാനത്ത് ശനിയാഴ്ച 2035 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. അഞ്ച്
ജില്ലയിൽ നൂറിൽ താഴെയാണ് രോഗികളുടെ എണ്ണം. 3256 പേർ രോഗമുക്തരായി. ആകെ
രോഗമുക്തർ 10,53,859. ചികിത്സയിലുള്ളത് 30,939 പേർ. 24 മണിക്കൂറിനിടെ
58,344 സാമ്പിൾ പരിശോധിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും ബ്രസീലിൽനിന്നും
വന്ന ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.49
ശതമാനം. 12 കോവിഡ്- മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4381 ആയി.
13 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 1807 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.