കോവിഡ് - 19 അതിതീവ്ര വ്യാപനം ; മൂന്നാഴ്‌ച നിർണായകം.

കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും, രാജ്യത്ത് കോവിഡ്‌ അതിതീവ്രവ്യാപനം. തുടർച്ചയായ രണ്ടാംദിവസവും രോ​ഗികള്‍ രണ്ടരലക്ഷത്തിന്‌ മുകളിൽ. ഞായറാഴ്ച അര്‍ധരാത്രിവരെയുള്ള 24 മണിക്കൂറിൽ രോ​ഗികള്‍ 2,73,810, മരണം 1,619. അതിതീവ്രരോ​ഗവ്യാപന പശ്‌ചാത്തലത്തിൽ രാജ്യത്തിന്‌ അടുത്ത മൂന്നാഴ്‌ച വളരെ നിർണായകമാണെന്ന്‌ സെന്റർ ഫോർ സെല്ലുലാർ ആൻഡ്‌ മോളിക്കുലാർ ബയോളജി (സിഎസ്‌ഐആർ–-സിസിഎംബി) ഡയറക്ടർ ഡോ. രാകേഷ്‌മിശ്ര പ്രതികരിച്ചു.

ബാധിതർ ഒന്നരക്കോടി

രാജ്യത്ത്‌ ഇതുവരെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 1.5 കോടി കടന്നു. ആകെ മരണം 1.78 ലക്ഷം. ചികിത്സയിലുള്ളത് 20 ലക്ഷത്തോളം പേര്‍. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാസന്ദർശനം മാറ്റി. പ്രധാനമന്ത്രി ഡോക്ടർമാരുമായും പ്രമുഖ മരുന്നുകമ്പനികളുടെ പ്രതിനിധികളുമായും യോഗം ചേർന്നു.

വാക്‌സിനെടുത്തത്‌  
12.38 കോടി പേർ

രാജ്യത്ത് ഇതുവരെ 12.38 കോടി പേർ വാക്‌സിൻ കുത്തിവയ്‌പെടുത്തു. ഇതിൽ ബഹുഭൂരിപക്ഷവും ആദ്യഡോസ്‌ മാത്രമാണ്‌ എടുത്തത്‌. ഞായറാഴ്ച 12.30 ലക്ഷം ഡോസ്‌ മാത്രമാണ്‌ നൽകിയത്‌.18 വയസ്സിനു‌ മുകളിലുള്ളവർക്ക്‌ വാക്‌സിൻ നൽകുന്നതിനു‌ സമാന്തരമായി ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 45 വയസ്സിനു‌ മുകളിലുള്ളവർക്കും വാക്‌സിൻ നൽകുന്നത്‌ തുടരണമെന്ന്‌ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.

വാക്‌സിൻ ഉൽപ്പാദകരിൽ നിന്ന്‌ കേന്ദ്രസർക്കാരിന്‌ ലഭിക്കുന്ന വാക്‌സിൻ  മാനദണ്ഡപ്രകാരം സംസ്ഥാനങ്ങൾക്ക്‌ നൽകും. കൂടുതൽ രോഗവ്യാപനമുള്ള സംസ്ഥാനങ്ങൾക്ക്‌ മുൻഗണന. രണ്ടാംഡോസ്‌ നൽകുന്നതിന് ആദ്യപരിഗണന നൽകണം.

18 കഴിഞ്ഞവര്‍ക്ക് വാക്സിന്‍ ഒന്നുമുതൽ

രാജ്യത്ത്‌ മെയ്‌ ഒന്നുമുതൽ മൂന്നാംഘട്ടമായി 18 വയസ്സിനു‌ മുകളിലുള്ളവര്‍ക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകും.   പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. വാക്സിന്‍ക്ഷാമം രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്രപ്രഖ്യാപനം.  ഇറക്കുമതി ചെയ്യുന്ന വാക്‌സിനൊപ്പം രാജ്യത്തെ വാക്‌സിൻ ഉൽപ്പാദനം വർധിപ്പിച്ചും ക്ഷാമം മറികടക്കാനാണ് നീക്കം.

പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിൽ പരമാവധി വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം അവകാശപ്പെട്ടു. വാക്‌സിൻ ഉൽപ്പാദകർ പ്രതിമാസ ഉൽപ്പാദനത്തിന്റെ പകുതി കേന്ദ്രത്തിന് കൈമാറണം. ബാക്കി ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിക്കും. അങ്ങനെ കൈമാറുന്ന വാക്സിന്റെ വില  മെയ്‌ ഒന്നിനുമുമ്പ്‌ നിശ്ചയിക്കണം. ആ തുകയ്‌ക്ക്‌ സംസ്ഥാനങ്ങൾക്കും സ്വകാര്യആശുപത്രികൾക്കും സംഭരിക്കാം. ഫലത്തിൽ  മിതവിലക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തിൽ നിന്ന് കേന്ദ്രം തലയൂരുകയാണ്.