കോവിഡ് വാക്സിൻ : അറിയുക പ്രതികരിക്കുക 'മാധ്യമം' പത്രത്തിന്റെ വാക്സിൻ വിരുദ്ധതയെ. | Fact Check

സയൻസിനു വിരുദ്ധമായ തെറ്റായ ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേരളത്തിൽ മുൻപന്തിയിലുള്ളത് മാധ്യമവും മാതൃഭൂമിയുമാണ്. ആൻ്റി-വാക്സീൻ ലോബി ഇവിടെ പ്രവർത്തിക്കുന്നത് പ്രധാനമായും ഇവരിലൂടെയാണ്.

കോവിഡ്-19 രോഗത്തെ തുടച്ചു നീക്കി എത്രയും പെട്ടെന്ന് സാധാരണ ഗതിയിലേക്ക് ലോകം തിരിച്ചെത്തണമെങ്കിൽ ലോകത്തുള്ള ജനങ്ങളിൽ ബഹുഭൂരിഭാഗത്തെയും എത്രയും പെട്ടെന്ന് വാക്സിനേറ്റ് ചെയ്യുകയാണ് വേണ്ടത് എന്നത് ഇന്ന് ശാസ്ത്രലോകത്ത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അങ്ങിനെയുള്ള സമയത്ത് ഇത്തരം പേടിപ്പെടുത്തുന്ന വാർത്തകൾ കൊടുത്ത് ജനങ്ങളെ വാക്സീൻ എടുക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കുക വഴി വലിയ ദ്രോഹമാണ് ‘മാധ്യമം’ ചെയ്യുന്നത്.

വാക്സിനേഷന് എതിരെയുള്ള വാർത്തകൾ തമസ്കരിക്കണമന്നൊന്നും പറയുന്നില്ല. പക്ഷെ അത്തരം വാർത്തകൾ നൽകുമ്പോൾ ശാസ്‌ത്രജ്ഞരുടെയും ആരോഗ്യ വിദഗ്ദ്ധരുടേയും വിശദീകരണങ്ങൾ കൂടെ കൊടുക്കേണ്ടതുണ്ട്. ഈ വാർത്ത തന്നെ നോക്കൂ. ഇതു പോലുള്ള ഒരു കിടിലം കൊള്ളിക്കുന്ന വാർത്ത നൽകുമ്പോൾ അത് പറയുന്നത് ആരെന്നു കൂടെ വിശദമായി പരിശോധിക്കണ്ടേ?

ഈ Geert Vanden Bossche എന്ന വ്യക്തി വാക്സീൻ സംഘടനകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നു പറയുന്നു. പക്ഷെ അദ്ദേഹം ഒരു എക്സ്പെർട്ട് ആണോ? വാക്സീൻ സയൻസിൽ എന്തെങ്കിലും ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് മനസ്സിലാവുന്നത്. അത്യതിശയോക്തികൾ എല്ലാം മാറ്റി വെച്ചാൽ ഇദ്ദേഹത്തിന്റെ വാദം പ്രധാനമായും ഇതാണ്. വാക്സീനുകൾ ആൻ്റിബോഡികൾ ഉൽപ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുക; രോഗം വന്നതിനെ തുടർന്നുള്ള പ്രതിരോധശേഷിയിൽ ഉള്ളതു പോലെ T കോശങ്ങൾ വഴിയുള്ള പ്രതിരോധം ഉണ്ടാവുന്നില്ല. അതുകൊണ്ട് വാക്സീൻ ലഭിച്ചവരിലും വൈറസ് പെരുകി മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. പാൻഡമിക് നടമാടുന്ന സമയത്ത് വാക്സീൻ നൽകിയാൽ വാക്സീൻ ഫലിക്കാത്ത പുതിയ ഇനങ്ങൾ ഉണ്ടായി ലോകം മുഴുവൻ പടർന്ന് എല്ലാവരേയും കൊന്നൊടുക്കും. അതു കൊണ്ട് വാക്സീൻ നൽകാതിരിക്കുക. എല്ലാവർക്കും സ്വാഭാവികമായ രോഗം വരട്ടെ.

ഇതിലെ തെറ്റുകളും മണ്ടത്തരങ്ങളും നിരവധിയാണ്.

  1. സ്വാഭാവികമായി എല്ലാവർക്കും രോഗം വരാൻ അനുവദിച്ചാൽ വൻ തോതിൽ മനുഷ്യർ മരിക്കും (ഇപ്പോൾ തന്നെ ലോകത്ത് കാൽ കോടിയിലധികം പേർ കോവിഡ് മൂലം മരണപ്പെട്ടു). അനേക ലക്ഷം പേർക്ക് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും.
  2. വാക്സീനുകൾ എല്ലാം തന്നെ T കോശങ്ങൾ വഴിയുള്ള പ്രതിരോധത്തെയും ഉത്തേജിപ്പിക്കുന്നു. മറിച്ചുള്ള വിവരം ഇദ്ദേഹത്തിന് എവിടെ നിന്ന് കിട്ടി എന്നറിയില്ല.
  3. വാക്സീൻ ഫലപ്രദമായി ലഭിച്ചവരിൽ രോഗാണു പെരുകില്ല. മറിച്ചുള്ള വാദം ശുദ്ധ അസംബന്ധമാണ്.
  4. വാക്സീൻ ഉപയോഗിക്കുന്നതിനു മുൻപാണ് വേഗത്തിൽ പടരുന്ന കൊറോണ-19 വൈറസ് ഇനങ്ങൾ എല്ലാം ഇംഗ്ളണ്ടിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമെല്ലാം ഉത്ഭവിച്ചത്. വാക്സീനുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മ്യൂട്ടേഷൻ വഴി പുതിയ ഇനങ്ങൾ ഉത്ഭവിക്കുകയും വേഗത്തിൽ പടരുന്നവ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
  5. പുതിയ ഇനങ്ങളും ഇന്നുള്ള വാക്സീനുകൾ വഴി ഭാഗികമായ ഫലപ്രാപ്തിയോടെ തടയാൻ കഴിയുന്നുണ്ട്. അവ മൂലമുള്ള ഗുരുതര രോഗം ഫലപ്രദമായി തടയാൻ സാധിക്കുന്നുണ്ട്.
  6. കൊറോണ വൈറസ് താരത്മ്യേന പതുക്കെ മാത്രം മ്യൂടേറ്റ് ചെയ്യുന്ന വൈറസ് ആണ്. മത്രമല്ല മ്യൂട്ടേറ്റ് ചെയ്യുന്ന വൈറസുകൾ വാക്സിനേഷനു വഴങ്ങാത്ത സ്ഥിതി വരുന്നതിനനുസരിച്ച് വാക്സീനുകളിൽ മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യകളും നമുക്കിന്നുണ്ട്. ഫ്ളു വൈറസുകളുടെ കാര്യത്തി ഇപ്പോൾ തന്നെ നാം അതു ചെയ്തു വരുന്നു.
  7. പുതിയ ഇനങ്ങളെ കൂടെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴി എത്രയും പെട്ടെന്ന് വാക്സീനുകൾ എല്ലാവരിലും എത്തിക്കുക എന്നതു തന്നെയാണ്.

വാക്സീൻ എടുക്കാൻ പ്രേരിപ്പിക്കുന്ന ശാസ്ത്രീയവും പോസിറ്റീവും ആയ പ്രചരണങ്ങളേക്കാൾ വേഗത്തിൽ പടരുക ആൻ്റി വാക്സീൻ ലോബിയ്ക്കു വേണ്ടി മാധ്യമവും മറ്റും നടത്തുന്ന കള്ള പ്രചരണങ്ങളാണ്. പോളിയോ, റുബെല്ലാ വാക്സീനുകൾ വന്ധ്യതയുണ്ടാക്കുമെന്ന ഹീനമായ പ്രചരണം പണ്ട് ഒരു പാടുപേരെ വാക്സിനേഷനിൽ നിന്ന് പിൻതിരിപ്പിച്ചത് ഓർക്കുക. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ മാധ്യമ രംഗത്തെ സുഹൃത്തുക്കൾ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.


കടപ്പാട് : ലൂക്കാ സയൻസ് മാഗസിൻ