പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്. നേരത്തെ ഒറ്റ ഡോസ് മതിയെന്നായിരുന്നു നിര്‍ദ്ദേശം.
അതേസമയം, തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലായിരുന്നു കൊടിയേറ്റച്ചടങ്ങുകള്‍. ഈ മാസം 23നാണ് പൂരം.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടത്തിയത്.
ഇരു ക്ഷേത്രങ്ങളിലുമൊരുക്കുന്ന താല്‍ക്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റ് നടത്തുന്നത്. രാവിലെ 11.15നും 12നും ഇടയില്‍ തിരുവമ്പാടിയിലും, 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറ്റ് നടന്നു.
തൃശൂര്‍ പൂരത്തിന് ഇനി 6 ദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊടിയേറ്റ് കഴിഞ്ഞതോടെ ഉടന്‍ പാറമേക്കാവ് ഭഗവതി വടക്കുനാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കര്‍ണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളിയെത്തും.