സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

 


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കേരളത്തിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.

ഇടിമിന്നൽ സമയങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

അന്തരീക്ഷം മേഘാവൃതമെങ്കിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കരുത്. കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം. 

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.