ആ അഞ്ഞൂറിൽ ജനാർദ്ധനനും ഉണ്ടാവും : സമ്പാദ്യം മുഴുവൻ ജനങ്ങൾക്ക് നൽകിയ ആ വലിയ മനസ്സിന് ഉടമക്കല്ലാതെ മറ്റാർക്ക് നൽകും ഈ അവസരം എന്ന് സോഷൽ മീഡിയ...

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അഞ്ഞൂറ് പേരില്‍ ഒരാളായി ക്ഷണം കിട്ടിയവരില്‍ കണ്ണൂരില്‍ നിന്ന് ഒരു വിവിഐപിയുണ്ട്. തന്‍റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയിൽ 2 ലക്ഷം രൂപ കോവിഡ് വാക്സിന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ജനാര്‍ദനന്‍ എന്ന ബീഡി തൊഴിലാളി. നേരിട്ട് പങ്കെടുക്കാന്‍ ക്ഷണം കിട്ടിയെങ്കിലും വീട്ടിലിരുന്ന് ആഘോഷിക്കാനാണ് ആദ്യം ജനാർദനൻ തീരുമാനിച്ചത്. ഭാര്യയില്ലാതെ ഒറ്റക്ക് പോകുന്നതിലെ പ്രയാസം ജനാർദനൻ മാധ്യമങ്ങളോട് പങ്കുവെക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷമാണ് ഭാര്യ മരിച്ചത്. എന്നാല്‍ ഒടുവില്‍ ജനാര്‍ദനന്‍ തിരുവനന്തപുരത്ത് പോയി നേരിട്ട് സത്യപ്രതിജ്ഞ കാണാന്‍ തീരുമാനിച്ചു. തീരുമാനം മാറ്റിയതിന്‍റെ കാരണം ജനാര്‍ദനന്‍ പങ്കുവെച്ചു.


“ഞാന്‍ ഉറങ്ങുമ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വന്നത്. വാതിലില്‍ മുട്ടുന്നത് കേട്ട് ഉറക്കം ഞെട്ടിയപ്പോഴാണ് അവരെ കണ്ടത്. അവര് വന്ന് ഒരു കത്ത് തന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് എന്നു പറഞ്ഞു. പരമാവധി പോകാന്‍ ശ്രമിക്കണം എന്നുപറഞ്ഞു. ആ സമയത്ത് എന്താ തോന്നിതെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഞാനൊരു പഞ്ഞിക്കെട്ടായി ഒഴുകിപ്പോകുന്നതുപോലെ തോന്നി. ആകാശത്തുമല്ല, ഭൂമിയിലുമല്ല.. സ്വപ്നലോകത്താണോ എന്ന് തോന്നിപ്പോയി. 500ല്‍ 216ആമത്തെ ആളാണ് ഞാന്‍. അതും വിവിഐപി പാസ്സാണ്. മുഖ്യമന്ത്രി പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. ജില്ലാകമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൌകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്. വിഎസും നായനാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയില്‍ കണ്ട ഓര്‍മയുണ്ട്. അന്നെല്ലാം ആയിരക്കണക്കിന് ആളുകളുടെ പ്രവാഹത്തിനിടയിലാണ് സത്യപ്രതിജ്ഞ നടന്നത്. ഇപ്പോള്‍ ജനങ്ങളില്ലാതെ ദുഖകരമായ അന്തരീക്ഷമായിട്ടാണ് എനിക്ക് തോന്നുന്നത്. രണ്ടാം വരവ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിച്ച് ആഘോഷിക്കേണ്ട സംഗതിയാണ്. ഭരണഘടനാ പ്രോട്ടോകോള്‍ പാലിക്കേണ്ടതുകൊണ്ടു മാത്രം ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നു എന്നേയുള്ളൂ. ഈ ഒരു അവസ്ഥ മാറിക്കഴിഞ്ഞിട്ട് ആഹ്ളാദം പ്രകടിപ്പിക്കാന്‍ നമുക്ക് അവസരമുണ്ടാകും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്നാണ് ആഗ്രഹം. കണ്ട് സംസാരിക്കാൻ പറ്റിയാ അത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു”.