ഇന്ന് മെയ് 1 : അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങളുടെ ദിനം. കോവിഡ് മഹാമാരിയെ തടയാൻ പരിശ്രമിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായി ഈ വർഷത്തെ തൊഴിലാളി ദിനം.

ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് മെയ് ദിനം. മെയ് ദിനം തൊഴിലാളികള്‍ക്ക് ആഘോഷ ദിനമാണ്. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ ദിവസം പൊതു അവധി ദിനമാണ്.

തൊഴിലാളി ദിനം അല്ലെങ്കില്‍ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച്‌ തുടങ്ങിയത്.

അമേരിക്കയിലും ‌കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.

പിന്നീട് 1889 ല്‍ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ല്‍ ചിക്കാഗോയില്‍ നടന്ന ഹെയ്‌മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്.

തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് റാലിയില്‍ വലിയ സംഘ‍ര്‍ഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. തെളിവുകള്‍ ഇല്ലാതിരിന്നിട്ടും എട്ട് തൊഴിലാളി പ്രവര്‍ത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.

യൂറോപ്പില്‍ മെയ് 1, ഗ്രാമീണ കര്‍ഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പിന്നീട് മെയ് ദിനം ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.

ഇന്ത്യയില്‍ 1923ല്‍ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. തൊഴിലാളികളുടെ പരിശ്രമത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രതീകമായി ഈ ദിനം ദേശീയ അവധി ദിനമായി കണക്കാക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാ‍ര്‍ട്ടി നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാര്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.