കുഴൽപ്പണം : BJP ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി.

സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് 
 സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ഉടൻ ചോദ്യംചെയ്യും


തൃശൂർ/ ആലപ്പുഴ : 
തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബന്ധം സമ്മതിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത.  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശമെന്ന്‌ കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ്‌ കർത്തയെ കുടുക്കിയത്‌. ബുധനാഴ്‌ച  ചോദ്യംചെയ്യലിൽ  ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന്‌ വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ്‌ തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന്‌ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്  എന്നിവരെ ചോദ്യം ചെയ്യും.

അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്‌  ലഭിച്ചിട്ടുണ്ട്‌.
അതിനിടെ കേസിൽ  ആറാം പ്രതി മാർട്ടിന്റെ  വീട്ടിൽനിന്ന് ഒമ്പത്‌  ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും  കണ്ടെത്തി.  കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ  വാങ്ങിയതായി  കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും  രേഖകളുമാണ് കണ്ടെടുത്തത്.  ഇതോടെ  കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌  വിലയിരുത്തൽ.

പാർടി കാറിൽ 
പ്രസിഡന്റിനൊപ്പമെത്തി കർത്ത
ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരായത്‌  ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ്‌ ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന്‌ ആരംഭിച്ച‌ ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.  കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും-‌ കർത്ത പറഞ്ഞു.