പുതുകേരളം, കാലം സാക്ഷി, ചരിത്രം സാക്ഷി; മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തു... | LDF 2.0






തിരുവനന്തപുരം : തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്‌തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ഗണനാക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തുടർന്ന് രാജ്‌ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചു.