സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞ് തട്ടിപ്പ്, കണ്ണൂരിൽ പണം നഷ്ടപ്പെട്ടത് നിരവധി ആളുകൾക്ക്...

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കണ്ണൂരിൽ പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പണം നൽകിയാൽ അഭിനയിക്കാൻ ചാൻസ് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.പതിനായിരം രൂപ മുതൽ രണ്ടേമുക്കാൽ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകി.

സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി പതിനായിരം മുതൽ ലക്ഷക്കണക്കിന് രൂപ വരെ നല്കിയവരാണ് തട്ടിപ്പിന് ഇരയായത്.ഷൂട്ടിംഗ് സെറ്റ് വരെ ഒരുക്കിയാണ് നിരവധി പേരെ വിശ്വസിപ്പിച്ച് തട്ടിപ്പുകാർ പണവുമായി മുങ്ങിയത്.

പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാ സാംസ്കാരിക വേദിയുടെ ഭാരവാഹികളാണെന്നും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. മോധി രാജേഷ്,മനോജ് താഴെ പുരയിൽ , ചോതി രാജേഷ് എന്നിവർക്കെതിരെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി രംഗത്തെത്തിയത്.

സീരിയൽ ആർട്ടിസ്റ്റുകളെ ഉൾപ്പെടെ കൊണ്ട് വന്ന് ആളുകളെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. കഥയോ തിരക്കഥയോ സംവിധാനമോ നല്ലൊരു ക്യാമറ പോലും ഇല്ലാതെയാണ് ഈ സംഘം തട്ടിക്കൂട്ട് സിനിമയുമായി എത്തിയതെന്നും പണം നഷ്ടപ്പെട്ടവർ പറയുന്നു.