മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി.


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന ആരംഭിക്കും. ആപ്പ് ഒഴിവാക്കി ബെവ്‌കോ ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക. ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന.


സംസ്ഥാനത്ത് മദ്യവിൽപന ഏത് തരത്തിൽ വേണമെന്ന് തീരുമാനിക്കാൻ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബെവ്ക്യൂ ആപ്പിന്റെ അധികൃതരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബെവ്ക്യൂ സജ്ജമാകുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇതിന് സമയം എടുക്കുമെന്നും നേരത്തെ തന്നെ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ആപ്പ് വഴിയുള്ള വിതരണം തത്ക്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന പൊലീസ് വിന്യാസവും ഉണ്ടായിരിക്കും..