കോവിഡ് - 19 ഡെൽറ്റാ പ്ലസ് വകഭേദം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം..

കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ്  ഡെൽറ്റ  പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.  പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം , ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ രത്‌നഗിരി, ജാല്‍ഗാവ്, മധ്യപ്രദേശിലെ ഭോപ്പാല്‍, ശിവപുരി എന്നിവിടങ്ങളിലാണ് കോവിഡിന്റെ രൂപമാറ്റം സംഭവിച്ച വൈറസുകളെ കണ്ടെത്തിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇതുവരെ ഡെല്‍റ്റ പ്ലസിന്റെ പുതിയ വകഭേദമായ ബി.1.617.2 ന്റെ നാല്‍പതു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ വൈറസ്ബാധ സ്ഥിരീകരിച്ച മേഖലകളില്‍ കര്‍ശനമായ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നാണ് ചൊവ്വാഴ്ച കേന്ദ്രം ബന്ധപ്പെട്ട സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചത്. രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസുകളുടെ വ്യാപനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും 45,000 ല്‍ അധികം സാമ്പിളുകള്‍ പരിശോധന നടത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യയിലാണ് ആദ്യമായി കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഡെൽറ്റ വകഭേദമാണെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയിലെ വിദഗ്ധനും പറഞ്ഞിരുന്നു. ഇന്ത്യയിൽ 20 ശതമാനം പുതിയ കേസുകളാണ് ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്.