പ്രണയാഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി... നാടിനെ നടുക്കിയ സംഭവം നടന്നത് മലപ്പുറത്ത്...

പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു കുത്തേറ്റ പെണ്‍കുട്ടിയും സഹോദരിയും ഉണ്ടായിരുന്നത്. സഹോദരി ദേവശ്രീയ്ക്കും (13) കുത്തേറ്റു. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവശ്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


പ്രതി വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയും ഇന്നലെ രാത്രി കത്തി നശിച്ചിരുന്നു. പിതാവും ബന്ധുക്കളും രാവിലെ കടയിലായിരുന്ന സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്. മുന്‍പ് പലതവണ വിനീഷ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും ദൃശ്യ നിരസിക്കുകയായിരുന്നു. വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി ദൃശ്യയെ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.