ചാനല്‍ ചര്‍ച്ചയിലെ സജീവ സാന്നിധ്യമായ ബിജെപി നേതാവിനെ കൈകാര്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകർ.. | Kerala BJP

കൊടക്കര കുഴല്‍പ്പണ പ്രതിസന്ധിക്കിടെ ബിജെപി സംസ്ഥാന നേതാവിന് നേരെ പാര്‍ട്ടിക്കാരുടെ മര്‍ദ്ദനം. ചില വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ബിജെപി നേതാവിന് നേരെ ആക്രമണം ഉണ്ടയതെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. എന്നാല്‍ പരാതിയില്ലാതിരുന്നതിനാല്‍ പൊലീസ് കേസെടുത്തില്ല.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലക്കാരനായ ബിജെപി നേതാവ് താമസിക്കുന്ന തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ ബിജെപി നേതാവിനെ കയ്യേറ്റം ചെയ്തതെന്നാണ് മാധ്യമം റിപ്പോര്‍ട്ട്. വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ തർക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. ബിജെപി നേതാവ് വീട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകരില്‍ ഒരാളുടെ വിരല്‍ വാതിലിനിടയില്‍ കുടുങ്ങി പരിക്കേറ്റിട്ടുണ്ട്.


കുഴല്‍പ്പണ വിഷയത്തെ ചൊല്ലി വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയും അത് കത്തിക്കുത്തിലേക്ക് കടന്ന സംഭവവും കുറച്ചു നാള്‍ മുമ്പാണ് അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ബിജെപി നേതാവിന് നേരെ ചില വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ അക്രമം നടത്തിയത്. സംഭവത്തില്‍ നേതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.