എറണാകുളം : ഓൺലൈനിൽ പണം കവരാൻ 'മിലിട്ടറി' വഴിയുമായി തട്ടിപ്പുകാർ. ഇടപാടുകാരെ വിശ്വസിപ്പിക്കാൻ ട്രൂ കോളറിൽ വ്യാജ ഐ.ഡി ഉണ്ടാക്കിയാണ് പ്രവർത്തനം. മിലിട്ടറി കാൻറീനിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്ഷ്യവസ്തുക്കൾ ഓർഡർ ചെയ്തശേഷം പണമടക്കാൻ എന്ന വ്യാജേന എ.ടി.എം കാർഡിെൻറ വിവരങ്ങളും ഒ.ടി.പിയും വാങ്ങിയാണ് തട്ടിപ്പ്.
സൈനികരെന്ന വ്യാജേനയാണ് സ്ഥാപന ഉടമകളെ വിളിക്കുന്നത്. ഇതിനായി കോളർ ഐ.ഡി ആപ്ലിക്കേഷനായ ട്രു കോളറിൽ മിലിട്ടറി യൂനിഫോമിലുള്ള സൈനികെൻറ ചിത്രവും പേരും നൽകി വ്യാജ അക്കൗണ്ടുണ്ടാക്കും. കഴിഞ്ഞദിവസം കാക്കനാട്ടെ ഇലാഹിയ മീറ്റ് ആൻഡ് ചിക്കൻ സെൻറർ എന്ന സ്ഥാപനത്തിെൻറ ഉടമകൾ തലനാരിഴക്കാണ് പണം നഷ്ടമാകാതെ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് മിലിട്ടറി കാൻറീനിൽനിന്ന് എന്ന വ്യാജേന ഫോൺ വന്നത്. 20 കിലോ മത്സ്യം വേണമെന്നായിരുന്നു ആവശ്യം. കടയുടെ പേരടക്കം കൃത്യമായി പറഞ്ഞതിനാലും ട്രൂ കോളറിൽ പട്ടാള യൂനിഫോമിട്ട ചിത്രം കണ്ടതിനാലും വിശ്വസിക്കുകയായിരുന്നെന്ന് കടയുടമകളായ സുബൈറും ഷമീറും പറഞ്ഞു.
മീൻ നന്നാക്കിയശേഷം തിരിച്ച് വിളിച്ചപ്പോൾ പണം ബാങ്ക് വഴി നൽകാമെന്നായിരുന്നു മറുപടി. അതിനായി എ.ടി.എം കാർഡിെൻറ ഇരുവശവും ആവശ്യപ്പെട്ടു. മിലിട്ടറി പണമിടപാടുകൾ ഇപ്രകാരമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിവരങ്ങൾ വാങ്ങിയത്.
തുടർന്ന് ഒ.ടി.പി കൂടി ആവശ്യപ്പെട്ടതോടെ തട്ടിപ്പ് മനസ്സിലായ സുബൈറും ഷമീറും നിരസിച്ചതോടെ കച്ചവടം നടക്കില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് വിളിച്ചിട്ടും മറുപടിയുണ്ടായിെല്ലന്നും 4000 രൂപയുടെ മത്സ്യമാണ് നഷ്ടപ്പെട്ടതെന്നും ഇരുവരും പറഞ്ഞു. നേരത്തേയും കാക്കനാട്ടും പരിസരത്തും എ.ടി.എം കാർഡ് തട്ടിപ്പ് നടന്നിരുന്നു.