തിരുവനന്തപുരം : ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു.
മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്‍റെ സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്.
മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ടു വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്കു റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യം.
(ശ്രദ്ധിക്കുക: നിങ്ങളും ഇതേ കാരണത്താൽ പ്രയാസം അനുഭവിക്കുന്നുണ്ടോ ? മാനസിക സമ്മർദത്തിന് അടിമപ്പെട്ടവരാണെങ്കിൽ ഇപ്പോൾ തന്നെ വിദഗ്ദോപദേശം നേടുക :
ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)