NEET ഇത്തവണ മലയാളത്തിലും : 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുന്നു. കുവൈത്തിലും പരീക്ഷാ കേന്ദ്രം.. | NEET MALAYALAM

നീറ്റ് പരീക്ഷ ഇത്തവണ ആദ്യമായി മലയാളത്തിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. മലയാളത്തിന് പുറമെ പഞ്ചാബി ഉൾപ്പടെ 13 ഭാഷകളിൽ ആകും നീറ്റ് യുജി പരീക്ഷകൾ നടത്തുന്നത്. കുവൈത്തിലും ഇത്തവണ പരീക്ഷാ കേന്ദ്രം ഉണ്ടാകും.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിദ്യാർഥികൾക്ക് വേണ്ടിയാണ് കുവൈത്തിലും പരീക്ഷാ കേന്ദ്രത്തിന് ഇത്തവണ അനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇത്തവണ പരീക്ഷകൾ നടത്തുന്നത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി മുതലാണ് നീറ്റ് പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 198 ആയി വർധിപ്പിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടുമെന്നും പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക് വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.