സ്വകാര്യതയിലേക്ക് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കടന്നുകയറ്റം, പെഗാസസ് ചാര സോഫ്റ്റ്‌വെയർ : വാട്സാപ്‌, ടെലഗ്രാം, സിഗ്‌നൽ തുടങ്ങിയവയിലും നുഴഞ്ഞുകയറും.. കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് ചെയ്തത് വലിയ തെറ്റ്...

എൻഡ്‌ ടു എൻഡ്‌ എൻക്രിപ്‌റ്റഡ്‌ മെസേജിങ്‌ ആപ്പുകളിലെ
 വിവരങ്ങളടക്കം പെഗാസസ്‌ ചോർത്തും.


ന്യൂഡൽഹി : ഇസ്രയേൽ കമ്പനി എൻഎസ്‌ഒയുടെ പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ വിവിധ രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ ചോർത്തിയത്‌ അരലക്ഷത്തിലേറെ മൊബൈൽഫോൺ വിവരങ്ങൾ. 2015മുതൽ ഏജൻസികൾ പെഗാസസ്‌ ഉപയോഗിക്കുന്നു. സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറിയിട്ടില്ലെന്നും സർക്കാർ ഏജൻസികൾക്ക്‌ മാത്രമാണ്‌ പെഗാസസ്‌ കൈമാറിയിട്ടുള്ളതെന്നുമാണ്‌ എൻഎസ്‌ഒയുടെ അവകാശവാദം.

2017 പകുതിമുതലാണ്‌ ഇന്ത്യയിൽ പെഗാസസ്‌ ഫോൺചോർത്തൽ തുടങ്ങിയത്‌. പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി ജഡ്‌ജി, മാധ്യമപ്രവർത്തകർ, ബിസിനസുകാർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി ഇരുനൂറ്‌ പേരുടെ ഫോണുകൾ ചോർത്തി. എൻഎസ്‌ഒ അവകാശപ്പെടുന്നത്‌ ശരിയെങ്കിൽ ചോർത്തിയത്‌ കേന്ദ്രംതന്നെ.
എസ്‌എംഎസ്‌ വഴി കയറും

ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക്‌ എസ്‌എംഎസ്‌ വഴിയാണ്‌ പെഗാസസ്‌ കൂടുതലായും അയക്കുന്നത്‌. ലിങ്ക്‌ ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക്‌ ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ എന്നിവയിലും നുഴഞ്ഞുകയറും. വാട്സാപ്‌, ടെലഗ്രാം, സിഗ്‌നൽ തുടങ്ങി നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായ എൻഡ്‌ ടു എൻഡ്‌ എൻക്രിപ്‌റ്റഡ്‌ മെസേജിങ്‌ ആപ്പുകളിലെ വിവരങ്ങളടക്കം പെഗാസസ്‌ ചോർത്തും. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌താൽ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം നിലയ്‌ക്കുമെങ്കിലും സ്വിച്ച്‌ഓൺ ചെയ്യുമ്പോൾ പ്രവർത്തിച്ചു തുടങ്ങും. ഫോൺ ഉപേക്ഷിക്കൽ മാത്രമാണ്‌ രക്ഷപ്പെടാൻ ഏകമാർഗം.

ടൊറന്റോ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ നിരീക്ഷണ ഗവേഷണ സംഘടന ‘സിറ്റിസൺ ലാബ്‌’ ആണ്‌ 2019ൽ പെഗാസസ്‌ ചോർത്തൽ ആദ്യം പുറത്തുകൊണ്ടുവന്നത്‌. തുടർന്ന്‌, വാട്സാപ്‌ എൻഎസ്‌ഒയ്‌ക്കെതിരെ നിയമനടപടികളിലേക്ക്‌ നീങ്ങി. ആംനെസ്‌റ്റി ഇന്റർനാഷണലിന്റെ ടെക്നിക്കൽ ലാബും ഫ്രാൻസിലെ മാധ്യമഗ്രൂപ്പായ ‘ഫോർബിഡൻ സ്‌റ്റോറീസു’മാണ്‌ ഇപ്പോഴത്തെ ഗവേഷണ വെളിപ്പെടുത്തലിന്‌ പിന്നിൽ. ചോർത്തലിന്‌ വിധേയമാകുകയോ ശ്രമമുണ്ടാകുകയോ ചെയ്‌ത അരലക്ഷത്തിലേറെ നമ്പറുകൾ ഇവർ  കണ്ടെത്തി. ‘ദി വയർ’ അടക്കം വിവിധ രാജ്യങ്ങളിലെ 17 മാധ്യമസ്ഥാപനവുമായി സഹകരിച്ച്‌ നമ്പറുകൾ ആരുടേതെന്നും കണ്ടെത്തി. തുടർന്ന്‌, ഇരയായതായി സംശയിക്കുന്ന 10 ഇന്ത്യൻ ഫോണുൾപ്പെടെ 67 എണ്ണം ഫോറൻസിക് പരിശോധനയ്‌ക്ക്‌ വിധേയമാക്കി.  ഇതിലൂടെയേ ചോർത്തൽ സ്ഥിരീകരിക്കാനാകൂ. ആൻഡ്രോയിഡിനേക്കാൾ ഐഫോണുകളിലാണ്‌ ചോർത്തൽ കണ്ടെത്താൻ എളുപ്പം.