ഭക്ഷണത്തിൽ പച്ചക്കറി ഉപയോഗം കുറവാണോ ? ഇവ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ആണ്.. | Vegetables

പച്ചക്കറികള്‍ കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് മിക്കവരും ബോധവാന്‍മാരായിരിക്കും. കാരണം, പച്ചക്കറികള്‍ ശരീരത്തിന് പലവിധ ആരോഗ്യ ഗുണങ്ങളും നല്‍കുന്നുവെന്ന് നമുക്ക് അറിവുള്ള കാര്യമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ പോഷകഗുണമുള്ളതാകും. എല്ലാ പച്ചക്കറികളിലും നമ്മുടെ ശരീരത്തിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദിവസവും കഴിക്കുന്ന പച്ചക്കറിയുടെ അളവ് കുറഞ്ഞാലോ? എന്ത് സംഭവിക്കും?

ഭക്ഷണത്തില്‍ പച്ചക്കറികള്‍ കഴിക്കുന്നത് കുറയ്ക്കുമ്പോഴെല്ലാം, പോഷകങ്ങളുടെ അഭാവം മൂലം ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. ഈ അടയാളങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത്തരം മാറ്റങ്ങള്‍ നിങ്ങള്‍ സ്വയം കാണുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഇതാ:

മോണയില്‍ രക്തസ്രാവവും ചതവും

മോണയില്‍ രക്തസ്രാവമുണ്ടാകാനുള്ള ഒരു പ്രധാന കാരണം ആവശ്യത്തിന് വായ ശുചിത്വം ഇല്ലാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ സി യുടെ കുറവുണ്ടെങ്കിലും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരം വിറ്റാമിന്‍ സി ഉല്‍പാദിപ്പിക്കുന്നില്ല, അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വിറ്റാമിന്‍ സി ലഭിക്കേണ്ടതുണ്ട്. കൂടാതെ, വിറ്റാമിന്‍ സിയുടെ അഭാവത്തില്‍ ശരീരം എളുപ്പത്തില്‍ മുറിവേല്‍പ്പിക്കാനുള്ള സാധ്യതയുമുണ്ട്. വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ സഹായിക്കുകയും വേഗത്തിലുള്ള രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച് എന്നിവയില്‍ മാത്രമല്ല, ചുവന്ന കാപ്‌സിക്കം, ചുവന്ന മുളക്, ഇരുണ്ട ഇലക്കറികള്‍, ബ്രൊക്കോളി, തക്കാളി എന്നിവയിലും വിറ്റാമിന്‍ സി കാണപ്പെടുന്നുണ്ട്.

ക്ഷീണം

ശരീരത്തില്‍ ഫോളേറ്റിന്റെ കുറവുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് നിരന്തരമായ ക്ഷീണം ബലഹീനതയും അനുഭവപ്പെടാം. പച്ച ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, വന്‍പയര്‍, കിഡ്‌നി ബീന്‍സ്, ലിമ ബീന്‍സ്, ശതാവരി, പയറ് എന്നിവ കഴിച്ച് ശരീരത്തിന് ആവശ്യത്തിന് ഫോളിക് ആസിഡ് നല്‍കാം.

പേശിവേദന

നിങ്ങള്‍ക്ക് തുടര്‍ച്ചയായ പേശിവേദനയുണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്. സുഗമമായ പേശികളുടെ ചലത്തിന് നമ്മുടെ ശരീരത്തില്‍ ഒരു നിശ്ചിത അളവില്‍ പൊട്ടാസ്യം ആവശ്യമാണ്. പച്ച ഇലക്കറികളായ ചീര, സ്വിസ് ചാര്‍ഡ്, മധുരക്കിഴങ്ങ് എന്നിവയാണ് പൊട്ടാസ്യം അടങ്ങിയ മികച്ച പച്ചക്കറികള്‍. നിങ്ങള്‍ക്ക് വാഴപ്പഴവും കഴിക്കാം, ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

മലബന്ധം

ഭക്ഷണത്തില്‍ നാരുകളുടെ അഭാവത്തില്‍, മലം കഠിനമാവുകയും അത് കുടലിലൂടെ കടന്നുപോകുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. പച്ചക്കറികളില്‍ നിന്നുള്ള ഡയറ്ററി ഫൈബര്‍ മാലിന്യങ്ങള്‍ വലിച്ചെടുക്കാനും കുടലിലൂടെ വേഗത്തില്‍ നീക്കുന്നതിനും സഹായിക്കുന്നു. ഒരു വ്യക്തി ദിവസവും 25 ഗ്രാം ഫൈബറെങ്കിലും ഭക്ഷണത്തിലൂടെ കഴിക്കണം. ലയിക്കുന്ന നാരുകള്‍, വെള്ളം ആഗിരണം ചെയ്ത് ജെല്‍ പോലുള്ള പേസ്റ്റ് രൂപപ്പെടുത്തുന്നതിനാല്‍ മലം മൃദുവാക്കുന്നു. ഓട്‌സ്, ബാര്‍ലി, നട്‌സ്, വിത്ത്, ബീന്‍സ്, പയറ്, കടല തുടങ്ങിയ ഭക്ഷണങ്ങളില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദൈനംദിന ഫൈബര്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളവും കുടിക്കുക.

ഓര്‍മ്മക്കുറവ്

കാര്യങ്ങള്‍ മറക്കുന്നത് വളരെ സാധാരണമാണെന്ന് തോന്നുമെങ്കിലും ഈ സമൃതിനാശം പതിവാകുന്നുവെങ്കില്‍ അത് ശ്രദ്ധിക്കണം. നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ചിലപ്പോള്‍ തകരാറൊന്നുമുണ്ടാകില്ല. എന്നാല്‍, ഇടയ്ക്കിടെയുള്ള ഓര്‍മ്മക്കുറവ് തലച്ചോറിലെ പോഷകക്കുറവിന്റെ ലക്ഷണമായിരിക്കാം. സസ്യങ്ങള്‍ മാത്രം ഉല്‍പാദിപ്പിക്കുന്ന ല്യൂട്ടിന്‍ എന്ന പോഷകം ഓര്‍മ്മ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇലക്കറികള്‍, കാരറ്റ്, ബ്രൊക്കോളി, ധാന്യം, തക്കാളി തുടങ്ങി പലതരം പച്ചക്കറികളിലും ല്യൂട്ടിന്‍ അടങ്ങിയിട്ടുണ്ട്.

ജലദോഷം

അവശ്യ പോഷകങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തില്‍ പ്രതിരോധശേഷിയില്‍ കുറവുണ്ടാക്കും. ഇത് പിന്നീട് ബാക്ടീരിയയ്ക്കും വൈറസിനും എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയാവുകയും ജലദോഷം പോലുള്ള രോഗങ്ങള്‍ പതിവായി നിങ്ങളെ അലട്ടുകയും ചെയ്യും.

സമ്മര്‍ദ്ദം

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദ നിലയെ സാരമായി ബാധിക്കുന്നു. സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ക്ഷീണം. സമ്മര്‍ദ്ദം ശരിയായി കൈകാര്യം ചെയ്യുന്നില്ലെങ്കില്‍, വീക്കം ശരീരത്തെ തളർത്തും. ട്യൂണ, സാല്‍മണ്‍, തക്കാളി, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ എപ്പോഴും കഴിക്കുക.

കടപ്പാട് : ബോൾഡ് സ്‌കൈ മലയാളം, രാകേഷ് എം.