Subscribe Us

അടിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ "കാന്തൻ - ദി ലവർ ഓഫ് കളർ" റിലീസിന്. ആഗസ്റ്റ് 26 ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യുന്നു. | Kanthan The Lover of Colour

2018 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ഓഗസ്റ്റ് 26 ന് ആക്ഷൻ പ്രൈം ഒ ടി ടി യിലൂടെ റിലീസ് ആവുകയാണ്.
ദളിത്-ഗോത്ര മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്.ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദിമധ്യാന്തത്തിലൂടെ കയ്യടി നേടിയ മാസ്റ്റര്‍ പ്രജിത്ത് കാന്തനായും ആദിവാസികള്‍ക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയും പ്രധാനവേഷത്തിലും എത്തുന്നു. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്.
പത്തു കിണറിനു തുല്യം ഒരു കുളം, പത്തു കുളത്തിനു തുല്യം ഒരു ജലാശയം, പത്തു ജലാശയത്തിനു തുല്യം ഒരു സല്‍പുത്രന്‍, പത്ത് സല്‍പുത്രന് തുല്യം ഒരു വൃക്ഷം.. വൃക്ഷായുര്‍വേദത്തിലെ ഈ ആത്മസത്ത കൂടി പ്രചോദനമാകുന്ന ചിത്രത്തില്‍ ലിപികളായി ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടേതായ ഭാഷ തന്നെയാണ് എന്നത് ഏറെ പ്രത്യേകതയാണ്.

ഏതുകാലഘട്ടത്തിലും അരികുവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ ജീവിതവും പോരാട്ടവും കലാപരവും സൂഷ്മവുമായി ആവിഷ്കരിച്ചിട്ടുണ്ട്. അതേപ്രാധാന്യം തന്നെയുണ്ട് ഈ ദളിത്-ആദിവാസി അതിജീവനകഥക്കും. അവര്‍ അനുഭവിക്കുന്ന അവഹേളനം, അവകാശധ്വസംനം, ജനാധിപത്യസ്വത്വം എല്ലാം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കാന്തന്‍. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗ മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. കര്‍ഷക ആത്മഹത്യകള്‍, കപട പരിസ്ഥിതിവാദങ്ങള്‍ പ്രകൃതി ചൂഷണം, വരള്‍ച്ച, ദാരിദ്രം, നാട്ടുഗദ്ദിക, കാക്കപ്പെലെ, തീണ്ടാരിക്കല്യാണം തുടങ്ങിയ ആചാരങ്ങള്‍, പ്രണയം, പ്രതിരോധം, നിലനില്‍പ്പിന്‍റെ രാഷ്‍ട്രീയം തുടങ്ങിയ ജീവിത സന്ധികളോടു സമരസപ്പെടുകയാണ് സിനിമ. പ്രകൃതിയെ സ്നേഹിക്കുന്നവരെ പ്രകൃതി തിരിച്ചു സ്നേഹിക്കുന്നു എന്ന ആത്മബന്ധം നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ മനുഷ്യന്‍ പ്രകൃതിയോടുകാട്ടുന്ന ക്രൂരതകള്‍ കണ്ട് നെഞ്ചുപൊട്ടിപ്പോകുന്ന കാടിന്‍റെ മക്കള്‍ക്ക് പ്രതിരോധത്തിന്‍റെ പുതിയൊരു മാര്‍ഗ്ഗം അന്വേഷിക്കുന്നു. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്‍ടപ്പെടുന്ന കാന്തന്‍ എന്ന പത്തു വയസ്സുകാരന്‍, അവനെ ആര്‍ജ്ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ, മറ്റു നിറങ്ങളോടുള്ള അവന്‍റെ പ്രണയവും കറുപ്പിനോടുള്ള അപകര്‍ഷതയും തിരിച്ചറിയുന്ന അവര്‍ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിയെടുക്കുന്നു.


2018 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ്, ജോൺ എബ്രഹാം പുരസ്‌കാരം, പ്രേം നസീർ അവാർഡ് എന്നീ പുരസ്‌കാരങ്ങളും ഇരുപത്തി നാലാമത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പതിനാലാമത് ഡൽഹി ഹാബിറ്റാറ്റ് മേള, ഇരുപത്തി നാലാമത് ഐ എഫ് എഫ് കെ, ബെർലിനിൽ വെച്ച് നടന്ന ഇന്തോ- ജർമ്മൻ മേള എന്നിവയിലേക്കും സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം പ്രിയന്‍, എഡിറ്റിംഗ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിന്‍ ബാലു,സൗണ്ട് ഡിസൈൻ എം ഷൈജു,ആർട്ട്‌ ഷെബി ഫിലിപ്പ്,സൗണ്ട് എഫക്ട്സ് ഷിജു ബാലഗോപാലന്‍,സ്റ്റിൽസ് ടോണി മണ്ണിപ്പളാക്കൻ, പ്രൊഡക്ഷന്‍ എക്സികുട്ടീവ് അശോകന്‍.കെ വി,രാമകൃഷ്ണൻ മുയ്യം, അനിൽ നടുവിൽ. പ്രൊഡക്ഷൻ അസിസ്റ്റന്‍റ്സ് മുരളീധരന്‍ ചവനപ്പുഴ, പ്രദീഷ് വരഡൂര്‍, അമല്‍, ഗാനങ്ങൾ വിഷ്ണു തൃശിലേരി, ഓഫീസ് നിർവ്വഹണം അരുൺ കുമാർ മംഗര, വി എഫ് എക്സ് വിപിന്‍രാജ്, പി ആർ ഒ ബിജു പുത്തൂർ. നെങ്ങറകോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം ചിന്നന്‍, കുറുമാട്ടി, സുജയന്‍, ആകാശ്, കരിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഓഗസ്റ്റ് 26ന് ഓണം നാളിലാണ് ചിത്രം വേൾഡ് പ്രീമിയറായി ആക്ഷൻ പ്രൈം ഒ ടി ടി യിലൂടെ റിലീസ് ചെയ്യുന്നത്.