ഇ-കൊമേഴ്സ് മേഖലകളിലെഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ കരട് ഈ ആഴ്ച പുറത്തിറക്കിയേക്കും. ഫ്ലാഷ് വിൽപ്പന സംബന്ധിച്ചുള്ള വ്യക്ത ഉൾപ്പെടുത്തിയാകും പ്രധാന ഭേദഗതികൾ.ഇ-കൊമേഴ്‌സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതികൾ.
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളുമായും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ആർഎഐ), ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ,പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായുള്ള നിരവധി വെർച്വൽ മീറ്റിംഗുകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കേന്ദ്രം ഭേദഗതിക്കൊരുങ്ങുന്നത്. ഉപഭോക്തൃകാര്യ മന്ത്രാലയവും കേന്ദ്രത്തിന്റെ നിക്ഷേപ പ്രോത്സാഹന വിഭാഗമായ ഇൻവെസ്റ്റ് ഇന്ത്യയും ഈ ആഴ്ച അവസാനത്തോടെയായിരുന്നു അന്തിമ ഡ്രാഫ്റ്റ് പുറത്തിറക്കിയേക്കുക.
പുതിയ ഭേദഗതി വലിയ തോതിൽ വിലക്കുറച്ചുള്ള ഫ്ളാഷ് സെയിൽ വിൽപനയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കമമെന്ന നിർദ്ദേശവും ഭേദഗതിയിൽ ഉണ്ടായേക്കും.
അതേസമയം പുതിയ ഭേദഗതി മേഖലയിൽ കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന ആശങ്കയാണ് വിദഗ്ദർ പങ്കുവെയ്ക്കുന്നത്. പ്രത്യേകിച്ച് സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇ-കൊമേഴ്‌സ് ചാനലുകൾ വഴി മേഖലയിൽ വലിയ വിൽപന രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്കൽ സർക്കിൾസ് എന്ന കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നടത്തിയ സർവേ പ്രകാരം 28% സ്റ്റാർട്ടപ്പുകളും എംഎസ്എഇ കളും കഴിഞ്ഞ വർഷം അവരുടെ ഡിജിറ്റൽ വിൽപ്പന ഇരട്ടിയായെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 23% പേർ ഡിജിറ്റൽ ചാനലുകളിലൂടെ അവരുടെ വിൽപ്പന 50% മുതൽ 100% വരെ വർദ്ധിച്ചതായും സർവ്വേയിൽ അഭിപ്രായപ്പെട്ടിരുന്നു.
സർവ്വേയിൽ പങ്കെടുത്ത എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും തങ്ങളുടെ വെബ്‌സൈറ്റുകളും ആപ്പുകളുമെല്ലാം ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമടയ്ക്കാനുള്ള അവസരം നൽകുന്ന രീതിയിൽ അപ്ഗ്രേഡ് ചെയ്തതായും സർവ്വേയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതിയിൽ നിർദ്ദേശിക്കുന്ന റസിഡന്റ് ഗ്രീവൻസ് ഓഫീസറുടെ നിയമനം, ഫ്ളാഷ് സെയിൽ നിയന്ത്രണങ്ങൾ, ഉൽപ്പന്ന വിവരങ്ങൾ അപ്‌ഡേറ്റുചെയ്യൽ എന്നിവ സംബന്ധിച്ച് ഇതിനോടകം തന്നെ കമ്പനികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത ഏകദേശം 25% എംഎസ്എംഇകളും പുതിയ ഭേദഗതികൾ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഉത്പന്നങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട്. സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേരാണ് ഇതിൽ അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം സർവ്വേയിൽ പങ്കെടുത്ത 57 ശതാനം പേർ ഗ്രീവിൻസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ചും 44 ശതമാനം പേർ ഫ്ളാഷ് സെയിൽ നിയന്ത്രണത്തിനെ സംബന്ധിച്ചും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.