മീൻ പിടുത്തം ചില്ലറ കളിയല്ല, ഒറ്റ ദിവസം നേടിയത് ഒന്നര കോടിയോളം രൂപ, അതും 157 മീനുകൾ മാത്രം വിറ്റ്...

മഹാരാഷ്ട്രയിലെ മൽസ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മൺസൂൺ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലിൽ ഇറങ്ങിയ പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളിൽ ഒന്നായ 157 ഘോൾ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയിൽ കുടുങ്ങിയത്.മുംബൈയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ ദൂരമുള്ള പാൽഘർ തീരം ഏറ്റവും വിലയേറിയ മൽസ്യബന്ധനത്തിനായിരുന്നു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.


ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വ്യാപാരികളുടെ കൂട്ടായ്മയ്ക്ക് മുഴുവൻ മത്സ്യവും വിറ്റത്. തന്റെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരം കാണാൻ വിൽപ്പന സഹായിച്ചെന്ന് ചന്ദ്രകാന്ത് പറയുന്നു.


അയോഡിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഏറ്റവും പോഷകഗുണമുള്ള മത്സ്യമാണ് അപൂർവയിനമായ ഘോൾ. കൂടാതെ ഇവയുടെ അവയവങ്ങളുടെ ഭാഗങ്ങൾ ഔഷധമേന്മ ഉള്ളതിനാൽ ആരോഗ്യ മേഖലയിലും വലിയ ഡിമാൻഡാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും ചെറുപ്പം നിലനിർത്താനും മസ്തിഷ്ക കോശങ്ങൾ വികസിപ്പിക്കുന്നതിനും നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.


ഗോൾ മൽസ്യങ്ങൾ ധാരാളം സൗന്ദര്യവർദ്ധക ഉൽ‌പന്നങ്ങളുടെ നിർമ്മാണത്തിനായും ഉപയോഗിക്കുന്നു. ഇതിന്റെ ചിറകുകൾ ശസ്ത്രക്രിയക്ക് ശേഷമുള്ള ലയിക്കുന്ന തുന്നലുകൾ നിർമ്മിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഉപയോഗിച്ചു വരുന്നുണ്ട്. സിംഗപ്പൂരിലെ വൈൻ ശുദ്ധീകരണത്തിനും ഇത് ഉപയോഗിക്കുന്നുവെന്നാണ് പൽഘറിലെ സത്പതി നിവാസിയായ ഹിതേന്ദ്ര നായിക് പറയുന്നത്.


ഇതിന് മുൻപും ഘോൾ മൽസ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ വില കിട്ടുന്നത് ഇതാദ്യമാണെന്നു പ്രദേശവാസികൾ പറയുന്നു. ആഗോളതലത്തിൽ ഈ മൽസ്യത്തിന് വലിയ ഡിമാൻഡ് ആണെങ്കിലും കടലിലെ ജലമലിനീകരണം മൂലം ഇവയുടെ എണ്ണം കുറഞ്ഞു വരികയാണ്.