ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കർഷകരുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തുടങ്ങിയത്. കർഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് മോദി പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഗൗരവമായി കണ്ട് പ്രവർത്തിക്കാൻ സാധിച്ചു. അധികാരത്തിലെത്തിയതിന് ശേഷം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്ക് ഒരു ലക്ഷം കോടി രൂപ വിളനാശത്തിന് അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക് ലഭിക്കുന്നു. പ്രാദേശിക ചന്തകൾ ശാക്തീകരിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. ബജറ്റ് വിഹിതം അഞ്ചിരട്ടി വർധിപ്പിച്ചു. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.