കണ്ണൂർ : കനത്ത മഴ ആരംഭിച്ചിട്ടില്ലെങ്കിലും കണ്ണൂർ ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുകയാണ്. ജില്ലയിൽ ഏപ്രിലിൽ 15,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മെയ് മാസത്തിൽ ഇത് 20,650 ആയി. ഈ മാസം 19 വരെ മാത്രം 17,690 പേർക്കാണ് പനി ബാധിച്ചത്.
ഇപ്പോൾ മിക്ക ദിവസങ്ങളിലും 1000-1100 പേർ പനി ബാധിച്ച് ചികിത്സ തേടാറുണ്ട്. മഴക്കാല രോഗസാധ്യത വർധിച്ചതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിസര ശുചിത്വവും കൊതുകു നശീകരണവും കൂടി ഇതിനോടൊപ്പം ആവശ്യമാണ്.
നിങ്ങൾക്ക് ജലദോഷമുണ്ടെങ്കിൽ, വീട്ടിൽ വിശ്രമിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പോഷകഗുണമുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക. ആവശ്യമെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.