പ്രമേഹമോ മറ്റോ വന്ന് കാൽപ്പാദം മുറിച്ചു മാറ്റുന്ന അവസ്ഥയിൽ ആണോ ? നിൽക്കൂ, വിദഗ്ധർ നിങ്ങളെ സഹായിക്കാനുണ്ട്. #കാൽപ്പാദം മുറിച്ചു മാറ്റാതെ വിദഗ്ധചികിത്സകൾക്കും ഉപദേശങ്ങൾക്കുമായി ഇതാ ഒരു #ഹെൽപ്പ്ലൈൻ.. | Are you in a condition to #amputate your foot due to #diabetes or something else? Hang in there, experts are here to help you. Here is a #helpline for #expert #treatment and advice without amputation.

തിരുവനന്തപുരം :  വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ടോൾ ഫ്രീ (Toll Free) അമ്പ്യുട്ടഷൻ ഹെൽപ്പ് ലൈൻ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan) ജനങ്ങൾക്കായി സമർപ്പിച്ചു. വാസ്കുലർ സർജറി (vascular surgery) ദിനത്തോടനുബന്ധിച്ചാണ് ടോൾ ഫ്രീ നമ്പറായ 1800-123-7856 സേവനം ആരംഭിക്കുന്നത്.

ഈ നമ്പറിൽ 24 മണിക്കൂറും രോഗസംബന്ധമായ വിഷയങ്ങൾ അറിയാൻ കഴിയും. സാധാരണയായി പ്രമേഹം മൂലമോ അമിത പുകവലിയുടെ ഫലമായോ കാല്പാദം നീക്കം ചെയ്യേണ്ടി വരുന്ന രോഗികൾക്കും അവരെ ചികിൽസിക്കുന്ന ഡോക്ടറന്മാർക്കും ഉടനടി പരിഹാരത്തിനായി ആശ്രയിക്കാവുന്ന നമ്പർ ആണിത്.

പ്രമേഹ രോഗികൾക്കിടയിലെ കാൽ മുറിച്ചുമാറ്റുന്നതു കുറക്കുക എന്ന ലക്ഷ്യത്തോടെ വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ക്യാമ്പയിന്റെ ഭാഗമായാണ് ടോൾ ഫ്രീ നമ്പർ സേവനം ഏർപ്പെടുത്തിയിട്ടുള്ളത്. 

പ്രമേഹ രോഗികൾക്ക് അവരുടെ കാൽ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനുള്ള വിവിധ ചികിത്സാരീതികളെ പറ്റി ഉപദേശങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഈ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെമ്പാടും ഉള്ള 25 ഓളം വാസ്കുലർ സർജന്മാർ, രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കും സൗജന്യമായി ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും.

സൊസൈറ്റി നടത്തിയ പഠനത്തിൽ സമയബന്ധിതമായും കൃത്യവുമായ ചികിത്സ നൽകിയാൽ 80% രോഗികളിലും കാൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കാലിലെ രക്ത ഓട്ടം കുറയുന്നതും കാലിൽ നിലയ്ക്കാത്ത അണുബാധ ഉണ്ടാകുന്നതുമാണ് കൂടുതൽ രോഗികളുടെയും കാലുകൾ നഷ്ടപ്പെടാൻ കാരണം.

പഠനത്തിൽ 20% താഴെ ആൾക്കാർ മാത്രമേ ഇത്തരത്തിൽ കാൽ മുറിച്ചുമാറ്റപ്പെട്ട ശേഷം സാധാരണമായ ഒരു ജീവിതരീതിയിലേക്ക് മടങ്ങാൻ സാധിക്കുന്നുള്ളു. സാമ്പത്തിക അടിത്തറയുള്ള വീടുകളിൽ പോലും ഇത്തരം രോഗികളെ നോക്കാൻ പലപ്പോഴും ബന്ധുക്കൾക്ക് സാധിക്കാതെ വരികയും സമയത്ത് ആഹാരം ലഭിക്കാതെയും പ്രാഥമിക കർത്തവ്യം നിർവഹിക്കാനുള്ള സഹായമോ ലഭിക്കാത്തതുമൂലം ദുരിതമനുഭവിക്കുകയാണ്. വ്യായാമം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇവരിൽ മിക്കവർക്കും ഹൃദ്രോഗം വരാനും മരണം വരെയും ഉണ്ടാകുന്നു.

ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാക്കുന്നതിനും രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും ഡോക്ടറന്മാർക്കും സംശയ നിവാരണവും അനുയോജ്യ ചികിത്സ സംബന്ധിയായ ഉപദേശവും ഈ സംവിധാനത്തിലൂടെ വാസ്കുലർ സൊസൈറ്റി ഓഫ് കേരള നൽകും.