#Sabarimala : മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുമ്പ് ശബരിമല പാതകൾ ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുമ്പ് ശബരിമല പാതകൾ ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.  19 റോഡുകളിൽ മൂന്നെണ്ണം മാത്രമാണ് ഇനി നവീകരിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.  രണ്ട് ദിവസമായി പത്തനംതിട്ട ജില്ലയിലെ ശബരിമല പാതകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
  പരാതി രഹിത മണ്ഡലകാലമാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലയിൽ 19 റോഡുകളാണ് പ്രധാനം.  ഇതിൽ 16 റോഡുകൾ നവീകരിച്ചു ബാക്കി മൂന്ന് റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കും.  റോഡ് നിർമാണം ഉയർന്ന തലത്തിലാണ് പുരോഗമിക്കുന്നത്.  ശബരിമല തീർഥാടനത്തിന് മുമ്പ് തന്നെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.
  റോഡുകളിൽ ദിശാബോർഡുകൾ കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  സംസ്ഥാനത്തെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുകൾ പൊളിക്കുന്നതിന് വ്യവസ്ഥകൾ കൊണ്ടുവരും.  ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അവസ്ഥ വിലയിരുത്താൻ എല്ലാ വർഷവും മന്ത്രി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമുള്ള പരിശോധനാ യാത്ര തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.