കേരള സ്ക്കൂൾ കലോത്സവം ; സ്വാഗതം പോലെ എളുപ്പമായില്ല തുടക്കം, ജനങ്ങളെ വലച്ച് വൻ ട്രാഫിക്ക് ബ്ലോക്ക്.


കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂൾ കലോത്സവം കാസര്ഗോഡേക്ക് എത്തുമ്പോൾ സ്വാഗത പ്രചാരണം ഏറ്റവും വിപുലമായ രീതിയിൽ ആയിരുന്നു, എന്നാൽ ഒന്നാം ദിനം തന്നെ പാതയോരത്തെ പ്രധാന വേദികൾക്ക് സമീപം വലിയ രീതിയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. സംഘാടകർ വാഹന പാർക്കിങിനായി കൃത്യമായ നിർദ്ദേശങ്ങളും പാർക്കിങ് എരിയകളും നൽകിയിരുന്നെങ്കിലും, നാഷണൽ ഹൈവെയിൽ തന്നെയായിരുന്നു മിക്ക സ്ക്കൂൾ ബസ്സുകളും പരിപാടികൾ കാണുവാൻ വരുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇത് പൊതുജനത്തെയും മംഗലാപുരം പരിയാരം മെഡിക്കൽ കോളേജുകളിലേക്കുള്ള ആംബുലൻസ് ഉൾപ്പടെ വാഹനങ്ങൾക്കും വൻ ദുരിതം സമ്മാനിച്ചു. കൊടിയ വെയിലും ചൂടും പൊടിയും ട്രാഫിക്ക് ബ്ലോക്കുകളിൽ അകപ്പെട്ടവർക്കും ദുരിതമായി.
പടന്ന പാലത്തിന് സമീപം ഉള്ള സ്റ്റെല്ല മേരീസ് സ്‌കൂളും (വേദി 17) ഐങ്ങോത്തെ പ്രധാന വേദിക്കരുകിലും ദേശിയ പാതയ്ക്ക് ഇരുവശവും ആണ് അശാസ്ത്രീയമായി ചെറുവാഹനങ്ങളും സ്ക്കൂൾ ബസ്സുകളും പാർക്ക് ചെയ്തിരിക്കുന്നത്. വിദ്യാർഥികളെ കയറ്റുവാനും ഇറക്കുവാനും പാതയിൽതന്നെ നിർത്തുന്നതിനാൽ ദീർഘനേരം വാഹന തടസ്സം തുടരുന്നു.
സ്വന്തം സൗകര്യം നോക്കി പാതവക്കിൽ പാർക്ക് ചെയ്യുന്നവരും മനപ്പൂർവ്വം ബ്ലോക്ക് ആക്കുന്നവരും ആണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. തുടർ ദിവസങ്ങളിൽ എങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാത്രമേ നല്ല രീതിയിൽ കലോത്സവം അതിന്റെ പ്രൗഢിയിൽ നടത്തുവാൻ സാധിക്കുകയുള്ളൂ..