ബുൾ ബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.

കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗാളില്‍ ആഞ്ഞടിച്ചു. 10 പേര്‍ മരിച്ചു. 2.73ലക്ഷം കുടുംബങ്ങള്‍ കെടുതിക്കിരയായി. ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ കനത്ത നാശം നേരിട്ടു.
തെക്ക്-വടക്ക് 24 പര്‍ഗാന ജില്ലകളിലും കിഴക്കന്‍ മിഡ്നാപുര്‍ ജില്ലയിലും ജനജീവിതം സ്തംഭിച്ചു. 2,473 വീട് പൂര്‍ണമായും 26,000 വീട് ഭാഗികമായും തകര്‍ന്നു. 1.78 ലക്ഷം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒഡിഷയില്‍ രണ്ടും പേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

ബംഗാള്‍ ഉള്‍ക്കടലിന്റെ സമീപത്തെ തീര ജില്ലകളിലും മീന്‍പിടിത്ത മേഖലകളായ ബക്കലിയിലും നാമക്കാനയിലുമാണ് വ്യാപക നാശം. നോര്‍ത്ത് പര്‍ഗാനയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുര്‍ബ മകാള, ഖോക്കന എന്നിവിടങ്ങളില്‍ മരം കടപുഴകി വീണാണ് രണ്ടുപേര്‍ മരിച്ചത്.

നിരവധി മരങ്ങള്‍ കാറ്റില്‍ കടപുഴകി.കിഴക്കന്‍ മിഡീനാപ്പുരിലും ഒരാള്‍ മരത്തിനടിയില്‍പ്പെട്ട് മരിച്ചു. സൗത്ത് 24 പര്‍ഗാനയില്‍ രണ്ടുപേര്‍ മരിച്ചു. ഫ്രാസര്‍ഗഞ്ച് മേഖലയില്‍ ഒരു മീന്‍പിടിത്തക്കാരന്റെ മൃതദേഹം കണ്ടെത്തി. എട്ടുപേരെ കാണാതായി.

ബംഗ്ലാദേശിലും 10 മരണം
തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഞായറാഴ്ച പുലരുംമുമ്പ് വീശിയടിച്ച ചുഴലിക്കാറ്റ് തീരദേശത്ത് കനത്ത നാശമുണ്ടാക്കി. 10 പേര്‍ മരിച്ചു. താഴ്ന്നപ്രദേശങ്ങളില്‍നിന്ന് 21 ലക്ഷം ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. കനത്ത മഴയുമുണ്ടായി.ആറ് തീരദേശ ജില്ലകളില്‍ വീടുകള്‍ തകര്‍ന്നും മരം വീണുമാണ് ആളുകള്‍ മരിച്ചത്. നൂറുകണക്കിന് വീടുകള്‍തകര്‍ന്നു.

വന്‍തോതില്‍ കൃഷിനാശമുണ്ടായി. വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്കായി 5000 ക്യാമ്പ് തുറന്നു. തുടക്കത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലടിച്ച കാറ്റ് പിന്നീട് ദുര്‍ബലമായതായും ഖുല്‍നാ തീരദേശവും ഇന്ത്യയില്‍ പശ്ചിമ ബംഗാളും കടന്നതായും ഞായറാഴ്ച പകല്‍ ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.