നോട്ട് നിരോധനത്തിന്‍റെ മൂന്ന് വര്‍ഷങ്ങള്‍ !

ന്യൂഡൽഹി :  നോട്ടു നിരോധന പ്രഖ്യാപനത്തിന് 3 വർഷം തികയുന്ന വേളയില്‍, നിരോധന ശേഷം ബാങ്ക് നിക്ഷേപങ്ങളിൽ കുറവുണ്ടായതായും ആളുകൾ കൈവശം സൂക്ഷിക്കുന്ന കറൻസി കൂടിയതായും സർക്കാർ ഡേറ്റ. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ദേശീയ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിലാണ് ഈ വിവരങ്ങൾ. നോട്ടു നിരോധനത്തിനു ശേഷം ജനങ്ങൾ ബാങ്കിൽ നിന്നു പണം പിൻവലിച്ച് കൈവശം സൂക്ഷിക്കാൻ തുടങ്ങിയതായാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയിൽ പണമിറക്കാനുള്ള മടി സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും സൂചനയുണ്ട്.

ബാങ്ക് നിക്ഷേപങ്ങൾ 2016–17 ൽ ആകെ സമ്പാദ്യത്തിന്റെ 67.3% ആയിരുന്നത് 2017–18ൽ 28.6% ആയി കുറഞ്ഞു. കൈവശം വയ്ക്കുന്ന കറൻസി 2016–17 കാലത്ത് –22% (മൈനസ്) ആയിരുന്നത് 2017–’18 കാലത്ത് ആകെ സമ്പാദ്യത്തിന്റെ 25.2% ആയി. നോട്ടു നിരോധനത്തിനു ശേഷം വിപണിയിൽ ആവശ്യത്തിനു കറൻസി ഇല്ലാതിരുന്നതാണ് 2016–’17ൽ –22% ആകാൻ കാരണം. വിപണിയിൽ കറൻസി എത്തിത്തുടങ്ങിയപ്പോൾ ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് കൈവശം പണം സൂക്ഷിക്കാൻ തുടങ്ങിയതാണ് ഇപ്പോഴും തുടരുന്ന ട്രെൻഡ്. സമീപ കാലത്ത് ബാങ്ക് നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായതും നോട്ടു നിരോധന കാലത്താണ്. പണം മുഴുവൻ ബാങ്കുകളിഴ്‍ ആയിരുന്നതാണു കാരണം.
2011–12 കാലത്ത് ആകെ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 10.08% മാത്രമാണ് ജനങ്ങളുടെ കൈവശമുണ്ടായിരുന്നത്. നോട്ടു നിരോധന കാലത്ത് ഇത് –24.25% (മൈനസ്) ആയിരുന്നു. അതിനു തൊട്ടു മുൻപിലത്തെ വർഷം 12.22% ആയിരുന്നു. ആവശ്യത്തിനു നോട്ടുകൾ വിപണിയിലെത്തിയ 2017–18ൽ ആകെ പ്രചാരത്തിലുള്ള കറൻസിയുടെ 26.10% ജനങ്ങളുടെ കൈവശമായി. അത്യാവശ്യത്തിന് അല്ലാതെ ആരും പണം കൈവിടുന്നില്ല എന്നാണ് സൂചനകൾ. സാമ്പത്തിക മാന്ദ്യത്തിനിടയിലും ദീപാവലി വേളയിൽ 70,987 കോടി രൂപ ബാങ്കുകളിൽ നിന്നു പിൻവലിക്കപ്പെട്ടതായാണ് ആർബിഐ കണക്കുകൾ.

ആകെ സമ്പാദ്യത്തിൽ ബാങ്ക് നിക്ഷേപങ്ങൾ:
2011– 12 57.9%
2015–16 43.1 %
2016–17 67.3%
2017–18 28.6%

കറൻസി സമ്പാദ്യം:
2011– 12 11.4%
2015–16 13.4%
2016–17 22%
2017–18 25.2 %
 കടപ്പാട്.