സൂക്ഷിക്കുക, ഈ ഫോമാലിൻ മത്സ്യങ്ങളെ

കണ്ണൂർ : ശവ ശരീരം അഴുകാതെയിരിക്കാൻ ഉപയോഗിക്കുന്ന മാരക രാസവസ്തുവായ ഫോമാലിൻ എന്ന ഫോർമാൽഡിഹൈഡ് ചേർത്ത് മൽസ്യ മൊത്ത വ്യാപാരികൾ സൂക്ഷിക്കുന്നത്‌ മാസങ്ങളോളം. മാർക്കറ്റിലെ ഡിമാൻഡനുസരിച്ച്‌ വിപണിയിലെത്തിക്കുന്ന വിഷമത്സ്യം സൃഷ്‌ടിക്കുന്നത്‌ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ.


 

കാഴ്‌ചയിൽ പെടപെടക്കണ മീനെന്ന്‌ തോന്നുമെങ്കിലും  ഉപയോഗിക്കാൻ കഴിയാത്ത പരുവത്തിലാണ്‌ വിപണിയിലെത്തുക. വയറിളക്കം, ഛർദി, ക്യാൻസർ, അൾസർ തുടങ്ങിയ പലരോഗങ്ങൾക്കും ഫോർമാലിൻ മത്സ്യത്തിന്റെ നിരന്തര ഉപയോഗം കാരണമാവുമെന്ന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരും പറയുന്നു. മൃതശരീരം അഴുകാതിരിക്കാൻ ഉപയോഗിക്കുന്നതാണ്‌ ഫോർമാലിൻ. 
മൂന്നുമാസത്തിനിടെ പിടിച്ചത്‌ 7 ക്വിന്റൽ
മൂന്നുമാസത്തിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ്‌ ജില്ലയിൽനിന്ന്‌ പിടിച്ചത്‌ ഏഴുക്വിന്റൽ മത്സ്യം. അഴീക്കോട്‌, ഇരിട്ടി, കേളകം, ചാലോട്‌ എന്നിവിടങ്ങളിൽനിന്നാണ്‌ ഫോർമാലിൻ ചേർത്ത  മത്സ്യം പിടിച്ച്‌ നശിപ്പിച്ചത്‌. 
തലശേരിയിൽനിന്ന്‌ നേരത്തെയും ചെറിയ അളവിൽ പിടിച്ചതാണ്‌. അഞ്ച്‌ ക്വിന്റൽ ഒന്നിച്ച്‌ പിടിക്കുന്നത്‌ ഇതാദ്യം. 
തലശേരി വികസനസമിതി യോഗത്തിലുണ്ടായ പരാതിയിൽ സബ്‌കലക്ടറുടെ നിർദേശപ്രകാരം ഫിഷറീസും ഭക്ഷ്യസുരക്ഷാവിഭാഗവും ചേർന്നാണ്‌ വ്യാഴാഴ്‌ച തലശേരിയിൽ പരിശോധന നടത്തിയത്‌.
പേപ്പർ സ്‌ട്രിപ്പ്‌ പരിശോധന
കൊച്ചിയിലെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌) വികസിപ്പിച്ചെടുത്ത പേപ്പർ സ്‌ട്രിപ്പ്‌ ഉപയോഗിച്ചാണ്‌ മത്സ്യത്തിലെ ഫോർമാലിൻ കണ്ടെത്താനുള്ള പരിശോധന. അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിധ്യം വിൽപന സ്ഥലത്തുവെച്ചു തന്നെ കണ്ടെത്താൻ സ്‌ട്രിപ്പിലൂടെ സാധിക്കും. സ്വകാര്യ ഏജൻസിയാണ്‌ പേപ്പർ സ്‌ട്രിപ്പ്‌ വിതരണം ചെയ്യുന്നത്‌. ആവശ്യാനുസരണം ഇത്‌ ലഭിക്കാത്തതും അധികദിവസം സൂക്ഷിക്കാൻ സാധിക്കാത്തതും പരിശോധന വ്യാപകമാക്കുന്നതിന്‌ തടസ്സമാണ്‌.
വിഷമത്സ്യം വരുന്നത്‌ അതിർത്തികടന്ന്‌
കേരള വിപണിയിൽ ഫോർമാലിൻ കലർന്ന മത്സ്യമെത്തുന്നത്‌ തമിഴ്‌നാട്‌, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന്‌.  പാലക്കാട്‌, മഞ്ചേശ്വരം ചെക്‌പോസ്‌റ്റുകളിൽ മത്സ്യഗുണനിലവാര പരിശോധനക്ക്‌ സ്ഥിരംസംവിധാനമില്ല. ഭക്ഷ്യസുരക്ഷാവകുപ്പ്‌ കമ്മീഷണർ മറ്റു സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയെതുടർന്ന്‌ ഗോവ പരിശോധന നടത്തിയാണ്‌ മത്സ്യം പുറത്തേക്ക്‌ വിടുന്നതെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.
മിന്നൽ പരിശോധന തുടരും
സാഗർ റാണി പദ്ധതിയിൽ ഫിഷറീസ്‌ വകുപ്പുമായി ചേർന്ന്‌ രൂപീകരിച്ച ടാസ്‌ക്‌ഫോഴ്‌സ്‌ മിന്നൽ പരിശോധന തുടരുമെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ അസിസ്‌റ്റൻറ്‌ കമീഷണർ പി കെ ഗൗരീഷ്‌ അറിയിച്ചു. തലായി, ചോമ്പാൽ ഹാർബറുകളിലെ മത്സ്യത്തിൽ ഫോർമാലിൻ സാന്നിധ്യമുണ്ടാവാറില്ലെന്ന്‌ തലശേരി നഗരസഭാ ഹെൽത്ത്‌ സുപ്പർവൈസർ സി ഉസ്‌മാൻ പറഞ്ഞു.
ഫോർമാലിനിൽ കുടുങ്ങി മാർക്കറ്റ്‌
അരക്വിന്റൽ ഫോർമാലിൻ മത്സ്യം പിടിച്ചെന്ന വാർത്ത വന്നതോടെ തലശേരി മാർക്കറ്റിലെ മീൻവിൽപന കുത്തനെ കുറഞ്ഞു. 
ഫോർമാലിൻ ചേർത്ത മത്സ്യം വിൽക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ ചെറുകിട വിൽപനക്കാർ. ഭക്ഷ്യസുരക്ഷാവകുപ്പും നഗരസഭാ ഹെൽത്ത്‌ വിഭാഗവും ഇടയ്‌ക്കിടെ പരിശോധന നടത്തുന്നത്‌ ഗുണംചെയ്യുമെന്ന അഭിപ്രായക്കാരും മത്സ്യവിൽപനക്കാരിലുണ്ട്‌.

കടപ്പാട്