ചെറുത്തു തോൽപ്പിക്കാൻ പോലീസ്; അടിയറവു പറയാതെ വിദ്യാർഥികൾ! ജെ.എൻ.യു സമരം ശക്തമാക്കി മുന്നോട്ട്

ഡൽഹി ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞുവെങ്കിലും അംഗീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. വിസിയെ കാണണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ചത്. ഇതിന് സർവകലാശാല അധികൃതർ തയ്യാറാകാതെ വന്നതോടെ വിദ്യാർത്ഥികൾ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.

ഹോസ്റ്റൽ ഫീസ് അഞ്ച് ഇരട്ടിയോളം വർദ്ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 15 ദിവസമായി ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തിയും വിദ്യാർത്ഥികൾ രേഖാമൂലം വൈസ് ചാൻസലറെ അറിയിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ കാമ്പസിൽ പ്രകടനം നടത്തി. നാൽപ്പത് ശതമാനത്തിലധികം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന ക്യാമ്പസിൽ ഫീസ് വർധനവ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.