സമാധാനിക്കാം ; ഒടുവിൽ വിഷ്ണുവിന് സർട്ടിഫിക്കേറ്റുകൾ തിരിച്ചുകിട്ടി.


തൃശ്ശൂർ : ഒടുവില്‍ വിഷ്ണുവിന് ആശ്വസം. കൈവിട്ടുപോയെന്ന് കരുതിയ ജീവിതം ഇനി വിഷ്ണുവിന് തിരികെ ലഭിക്കും. കള്ളന്‍ കൊണ്ട് പോയ ബാഗ് ഒടുവില്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കള്ളന്‍ തട്ടിയെടുത്തത്. ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് കള്ളന്‍ ബാഗ് തട്ടിയെടുത്തത്.

തന്റെ ഫോണും വസ്ത്രങ്ങളും കള്ളന്‍ കൊണ്ടുപോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ വിഷ്ണുവിന്റെ ബാഗ് തിരിച്ചു കിട്ടുന്നതിനായി സോഷ്യല്‍ മിഡിയയില്‍ പ്രചരണം നടത്തിയിരുന്നു. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനായുള്ള യാത്രയിലാണ് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് മോഷണം പോയത്.

പാസ്‌പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിച്ചത്.