നീതി ആയോഗിന്റെ പഠനത്തിൽ വിദ്യാഭ്യാസത്തിലും നമ്പർ 1, കേരളം

രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാം സ്ഥാനത്ത്. സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ 82.17 സ്‌കോറാണ് കേരളത്തിന്.

എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദിന്റെ വിശകലനം

മലയാള ഭാഷയിലെ മനോഹരമായ ഒരു പദപ്രയോഗമാണ് ‘മുക്തകണ്ഠം പ്രശംസിക്കുക’ എന്നത്. പ്രയോഗിക്കുന്നവര്‍ക്ക് യാതൊരു ചേതവുമില്ല; എന്നാല്‍, അത് കേള്‍ക്കുന്നവരില്‍ കൂടുതല്‍ ഉത്തരവാദിത്തവും ഉന്മേഷവും ജ്വലിപ്പിക്കും. നമ്മുടെ സ്‌കൂള്‍വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവും ഏറെക്കുറെ സമഗ്രവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പഠനത്തില്‍ മറ്റുപല മേഖലകളിലുമെന്നപോലെ കേരളത്തിലെ വിദ്യാഭ്യാസമേഖലയും ഒന്നാം സ്ഥാനത്തെത്തിയ വാര്‍ത്ത കേരളീയസമൂഹത്തെ ഒട്ടൊന്നുമല്ല ആഹ്ലാദഭരിതരാക്കിയിട്ടുണ്ടാകുക. ആ നേട്ടത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയോ അവരുടെ സര്‍ക്കാരോ അവകാശപ്പെട്ടിട്ടില്ല.

കാലാകാലങ്ങളില്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ അവരുടേതായ സംഭാവന ഈ രംഗത്ത് നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ഈ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും നമ്മുടെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണുണ്ടായത്. അതിന്റെ ഫലമായി, കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ സ്വാശ്രയ-അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നു. അതിന് ഫലംകണ്ടു എന്നതിന്റെ സൂചനയാണ് നിതി ആയോഗ് നടത്തിയ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി 82.17 സ്‌കോര്‍ നേടി കേരളം മുന്നിലെത്തിയത്.

 

ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന്റെ ദേശീയ ദിനപത്രങ്ങള്‍ രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച നിതി ആയോഗിന്റെ റിപ്പോര്‍ട്ടുമായാണ് പുറത്തിറങ്ങിയത്. ‘ദി ഹിന്ദു’ പോലുള്ള പ്രമുഖ ദേശീയ പത്രങ്ങള്‍ അത് മുഖപേജ് വാര്‍ത്തയാക്കിയപ്പോള്‍ നമ്മുടെ പല മലയാള ദേശീയദിനപത്രങ്ങള്‍ക്കും അത്ര പ്രധാനപ്പെട്ട വാര്‍ത്തയായി തോന്നിയില്ല. ഒരുപക്ഷേ, ഉപതെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാരിന് ഗുണംചെയ്യുന്ന ഒരു വാര്‍ത്ത വരുന്നത് തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തത്. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ അത് പുറത്തുവരാതിരിക്കില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘കേരളത്തിന് നക്ഷത്ര ശോഭ’ എന്ന തലവാചകത്തോടെ ഒരു പ്രമുഖ മലയാളപത്രത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് എഡിറ്റോറിയല്‍ കേരള പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെക്കുറിച്ച് വിവരിക്കാന്‍ ആ പത്രം കാണിച്ച സൗമനസ്യത്തെ പ്രകീര്‍ത്തിക്കാന്‍ ഒട്ടും പിശുക്ക് കാട്ടേണ്ടതുമില്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നടത്തിവരുന്ന ഇടപെടല്‍, നിറഞ്ഞ സന്തോഷത്തോടെ ജനങ്ങള്‍ സ്വാഗതം ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍ തുടങ്ങിവച്ച നാല് മിഷനില്‍ എല്ലാ അര്‍ഥത്തിലും തിളങ്ങിനില്‍ക്കുന്നത് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം തന്നെയാണ്; ഇക്കാര്യം മുഖ്യമന്ത്രിതന്നെ തന്റെ പ്രഭാഷണങ്ങളില്‍ എടുത്തുപറയാറുണ്ട്.

തിരുവിതാംകൂറും കൊച്ചിയും മലബാറുമെല്ലാം എക്കാലത്തും വിദ്യാഭ്യാസാവകാശത്തിനായി ശക്തമായ പോരാട്ടം നടത്തിയ നാടാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ അത് പ്രകടമായിരുന്നു. കേരളരൂപീകരണത്തിനുശേഷവും ആ നില തുടര്‍ന്നു. അതുകൊണ്ടുതന്നെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് നമ്മുടെ വിദ്യാഭ്യാസമേഖല ഒരു വെല്ലുവിളിയായിരുന്നു. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലോടെ വിദ്യാഭ്യാസമേഖല മാറി . അതിനെ കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍.

റവന്യു വരുമാനത്തിന്റെ ഗണ്യമായ ഒരുപങ്ക് എക്കാലത്തും വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കും. ഇത്തവണ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഓരോ വിദ്യാലയത്തിനും പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിക്കൊണ്ട് അക്കാദമികരംഗത്തും പശ്ചാത്തല സൗകര്യവികസനരംഗത്തും സജീവമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയായിരുന്നു. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധിപേര്‍ കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലവിധ പഠനങ്ങള്‍ നടക്കാറുണ്ടെങ്കിലും ഏറെക്കുറെ ശാസ്ത്രീയമായ രീതിയില്‍ ഒരു പഠനം നടക്കുന്നത് ഇതാദ്യമായാണ്. നാളിതുവരെ പ്രഥം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ‘അസര്‍’ റിപ്പോര്‍ട്ടായിരുന്നു അടിസ്ഥാനരേഖയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിച്ചിരുന്നത്. അതില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടായിരുന്നു. അതിനൊരുപരിധിവരെ പരിഹാരമാണ് നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അവയുടെ സ്‌കൂളുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികതിരിച്ച് റാങ്ക് ചെയ്യുക എന്ന മൂര്‍ത്തമായ ആശയം 2017ലാണ് രൂപം കൊണ്ടത്. അതിന്റെ പ്രകടിതരൂപമാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചിക.

ലോകബാങ്കിന്റെയും എംഎച്ച്ആര്‍ഡിയുടെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. നിതി ആയോഗിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ വിദ്യാഭ്യാസ നിലവാര സൂചിക, 50 ശതമാനത്തിലധികം പ്രാമുഖ്യം നല്‍കുന്നത് പഠന നേട്ടങ്ങള്‍ക്കാണ്. പഠനം, പ്രാപ്യത, തുല്യത, ഭരണം എന്നിവയുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൂചിക ശ്രമിക്കുന്നത്.

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിനും നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുമുള്ള ഫലപ്രദമായ ഉപാധിയായാണ് ഈ ഗുണമേന്മാ സൂചിക കണക്കാക്കപ്പെടുന്നത്. അതിന് അടിസ്ഥാന വര്‍ഷമായി കണക്കാക്കിയത് 2015-16ഉം റഫറന്‍സ് വര്‍ഷമായി കണക്കാക്കിയത് 2016-17ഉം ആണ്. 2017-18 ലെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയുടെയും 2016-17ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏകീകൃത ജില്ലാ സ്ഥിതിവിവര കണക്കിന്റെയും അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നുതരത്തില്‍ വര്‍ഗീകരണം നടത്തിക്കൊണ്ടാണ് പഠനനേട്ടങ്ങളും നേട്ടങ്ങളെ സഹായിക്കുന്ന ഭരണപ്രക്രിയകളും വിലയിരുത്തിയിട്ടുള്ളത്. കേരളം ഉള്‍പ്പെടുന്ന ഇരുപത് സംസ്ഥാനങ്ങളില്‍ പതിനെട്ടെണ്ണം അവരുടെ മൊത്തത്തിലുള്ള പ്രകടന സ്‌കോര്‍ 2015–16നും 2016–17നുമിടയില്‍ മെച്ചപ്പെടുത്തുകയുണ്ടായി. എട്ട് ചെറിയ സംസ്ഥാനങ്ങളില്‍ അഞ്ചെണ്ണം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. പഠന നേട്ടങ്ങള്‍, പ്രാപ്യതാ നേട്ടങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച നേട്ടങ്ങള്‍, തുല്യതാ നേട്ടങ്ങള്‍, നേട്ടങ്ങളെ സഹായിക്കുന്ന ഭരണ പ്രക്രിയ സംബന്ധിച്ച നേട്ടങ്ങള്‍ എന്നീ വിഭാഗങ്ങളിലായി കേരളത്തിന്റെ സ്‌കോര്‍ യഥാക്രമം 79.09, 88.67, 48.87, 95.44, 79.03 എന്നിങ്ങനെയാണ്.

ഇവയുടെ മൊത്തം സ്‌കോര്‍ കണക്കാക്കുമ്പോള്‍ 82.17 ശതമാനത്തോടെ കേരളം മുന്നിട്ടുനില്‍ക്കുന്നു. ഈ സൂചിക നിലനിര്‍ത്തിക്കൊണ്ട് നൂറുമേനിയില്‍ എത്തിപ്പിടിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വരുംനാളുകളില്‍ കേരളത്തിന് ഏറ്റെടുക്കാനുള്ളത്. ഗുണമേന്മ, തുല്യത തുടങ്ങിയ രണ്ടാംതലമുറ പ്രശ്‌നങ്ങളാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

നേട്ടങ്ങളോടൊപ്പം കേരളത്തിന്റെ കോട്ടങ്ങളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. അടിസ്ഥാനസൗകര്യങ്ങള്‍, കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ആര്‍ടി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കാര്യങ്ങളുടെ നടത്തിപ്പ്, എസ്സിഇആര്‍ടി, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ശാക്തീകരണം, മോണിറ്ററിങ്, സ്വയം വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളം പിന്നില്‍നില്‍ക്കുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും അക്കാദമിക നേതൃത്വത്തിലുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഘടനാപരവും നയപരവുമായ പരിഷ്‌കരണങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയാണ് എസ്സിഇആര്‍ടി.

ജില്ലാതലത്തില്‍ വിദ്യാഭ്യാസാധിഷ്ഠിത പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും എസ്സിഇആര്‍ടിയെ സര്‍വാത്മനാ പിന്തുണയ്ക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളാണ് ഡയറ്റുകള്‍. ഈ രണ്ട് സ്ഥാപനവും ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. അതേസമയം സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു. കേന്ദ്രം അംഗീകരിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ പ്രോജക്റ്റുകള്‍ക്ക് നൂറുശതമാനം സാമ്പത്തിക സഹായം വേണമെന്നത് കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍, നാളിതുവരെയായി അക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇപ്പോഴത്തെ റിപ്പോര്‍ട്ട് കേവലം മുപ്പത് സൂചകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആ സൂചകങ്ങള്‍ എല്ലാ തലങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്നു എന്നുപറയാന്‍ കഴിയില്ല. കാരണം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തവും അനന്യവുമായ ഒരു രീതിശാസ്ത്രമാണ് കേരളത്തിന്റെ വിദ്യാഭ്യാസത്തെ നയിക്കുന്നത്. ജനാധിപത്യത്തിലും മാനവികതയിലും ആധുനികതയിലും അടിയുറച്ചുനിന്നുകൊണ്ടുള്ളതും ഭരണഘടനാമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതുമായ വിദ്യാഭ്യാസപ്രക്രിയയാണ് കേരളത്തിന്റെ പ്രത്യേകത. ഇവയൊക്കെ അളക്കാനുള്ള സൂചകങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടില്ല. അവകൂടി പരിഗണിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ സൂചിക കൂടുതല്‍ ഉയരങ്ങളില്‍ എത്തുമായിരുന്നു. വരുംവര്‍ഷങ്ങളില്‍ ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.